Wednesday, May 1, 2024
spot_img

കരകയറ്റാൻ…സുഡാൻ രക്ഷാ ദൗത്യത്തിന് തയ്യാറാകാൻ വ്യോമ-നാവിക സേനകൾക്ക് നിർദ്ദേശം,ഒഴിപ്പിക്കൽ കടൽമാർഗമെന്ന് സൂചന

ദില്ലി :സുഡാനിൽ സൈനിക കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സുഡാൻ ദൗത്യത്തിന് തയ്യാറായി നില്ക്കാൻ ഇന്ത്യൻ വ്യോമ- നാവിക സേനകൾക്ക് നിർദ്ദേശം.വിമാനത്താവളങ്ങൾ തകർന്നതിനാൽ കടൽമാർഗ്ഗം ഒഴിപ്പിക്കുന്നതിനാണ് ഊന്നൽ നൽകുക. സൗദിയിലേക്കോ ഈജിപ്തിലേക്കോ ഇവരെ എത്തിച്ച ശേഷം വ്യോമമാർഗ്ഗം തിരികെയെത്തിക്കാനാണ് ആലോചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു.സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഉടനടി നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമുണ്ടായി. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേർന്നിരുന്നത്.3000ൽപരം ഇന്ത്യക്കാരാണ് സുഡാനിൽ ഇപ്പോൾ ഉള്ളതെന്ന് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു. സുഡാനിലെ നിലവിലെ സാഹചര്യം പ്രധാനമന്ത്രി ആരാഞ്ഞു. ജാഗരൂകരായിരിക്കാനും സംഭവവികാസങ്ങൾ കൃത്യമായി നിരീക്ഷിക്കാനും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു.

സുഡാനില്‍ മലയാളിയായ ആല്‍ബ‍ർട്ട് അഗസ്റ്റിൻ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. വിദേശകാര്യമന്ത്രിക്ക് പുറമെ വ്യോമ-നാവികസേന മേധാവിമാർ സുഡാന്‍ അംബാസിഡർ ഉള്‍പ്പെടയുള്ള നയതന്ത്രപ്രതിനിധികള്‍ എന്നിവരും ഉന്നതതലയോഗത്തില്‍ പങ്കെടുത്തു. രക്ഷാദൗത്യത്തിനായി അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കുന്നുണ്ട്. സുഡാൻ ആഭ്യന്തര കലാപത്തില്‍ ഒറ്റപ്പെട്ടു പോയ മലയാളികള്‍ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക് ദില്ലിയിലെ കേരളഹൗസില്‍ തുടങ്ങിയിട്ടുണ്ട്

Related Articles

Latest Articles