Tuesday, May 21, 2024
spot_img

പ്രതികാര ദാഹിയായി ഭീകര സംഘടന; അതീഖിന്റെയും അഷ്റഫിന്റെയും കൊലപാതകത്തിൽ പകരം ചോദിക്കുമെന്ന ഭീഷണിയുമായി എക്യുഐഎസ്

ദില്ലി :ഗുണ്ടാ നേതാവും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്റഫ് അഹമ്മദിന്റെയും കൊലപാതകങ്ങൾക്ക് പ്രതികാരം ചോദിക്കുമെന്ന ഭീഷണിയുമായി ഭീകര സംഘടന രംഗത്ത്.അൽ ഖായിദയുടെ ഇന്ത്യൻ വിഭാഗമായ അൽ ഖായിദ ഇൻ ഇന്ത്യൻ സബ് കോണ്ടിനന്റ് (എക്യുഐഎസ്) എന്ന സംഘടനയാണ് പ്രതികാര ഭീഷണിയുമായി രംഗത്തെത്തിയത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സന്ദേശം കൈമാറുന്നതിനായി ഏഴു പേജുള്ള മാസിക സംഘടന പുറത്തിറക്കിയിട്ടുണ്ട്.

പൊലീസ് കസ്റ്റഡിയിലായിരുന്ന അതീഖിനെയും അഷ്റഫിനെയും ശനിയാഴ്ച രാത്രി പത്തിനു പ്രയാഗ്‌രാജിലെ ആശുപത്രിയിലേക്കു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുമ്പോഴാണ്, മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തിയ മൂന്നംഗ അക്രമിസംഘം വെടിവച്ചു കൊന്നത്. ഈ സമയത്ത് ഇരുവർക്കും കയ്യാമവും പരസ്പരം ബന്ധിച്ചു ചങ്ങലയുമുണ്ടായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി നടന്നുനീങ്ങുന്നതിനിടെയാണ് അതീഖിന്റെ തലയിലേക്കു തോക്കു ചേർത്തുവച്ച് അക്രമികൾ വെടിവച്ചത്. തൊട്ടുപിന്നാലെ അഷ്റഫിനെയും വെടിവച്ചു വീഴ്ത്തി. ഇരുവരും തൽക്ഷണം മരിച്ചു.

കുപ്രസിദ്ധ ഗുണ്ടാ നേതാവായ അതീഖ് അഹമ്മദ് 2004–09 കാലയളവിൽ സമാജ്‌വാദി പാർട്ടി എംപിയായിരുന്നു. 1989 മുതൽ 2004 വരെ വിവിധ പാർട്ടികളിലായി യുപിയിൽ എംഎൽഎയുമായിരുന്നു. ബിഎസ്പി എംഎൽഎ രാജുപാൽ 2005ലും ആ കേസിലെ മുഖ്യ സാക്ഷി ഉമേഷ് പാൽ ഇക്കഴിഞ്ഞ ഫെബ്രുവരി 24നും കൊല്ലപ്പെട്ടതുൾപ്പെടെ നൂറിലേറെ കേസുകളിൽ അതീഖ് പ്രതിയാണ്. അഹമ്മദാബാദ് സെൻട്രൽ ജയിലിലായിരുന്ന അതീഖിനെ കഴിഞ്ഞ മാസമാണു യുപി ജയിലിലേക്കു മാറ്റിയത്. കൊല്ലപ്പെട്ടേക്കുമെന്ന ആശങ്ക അറിയിച്ച് അതീഖ് നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അതീഖിന്റെ സഹോദരൻ അഷ്റഫ് അറുപതോളം കേസുകളിൽ പ്രതിയാണ്

Related Articles

Latest Articles