Monday, May 20, 2024
spot_img

എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ

കണ്ണൂർ: എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാന സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്ന് നാല് സർവീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദാബി വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അപ്രതീക്ഷിത നീക്കത്തെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്. വൈകിട്ട് നെടുമ്പാശേരിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള സർവീസും റദ്ദാക്കി.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് സര്‍വീസുകളും മുടങ്ങി. യുഎഇയില്‍ നിന്ന് തിങ്കളാഴ്ച വരെ പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ബുക്ക് ചെയ്തവരുടെ പണം എന്നു തിരിച്ചു നൽകുമെന്നോ, യാത്ര എന്ന് പുനഃക്രമീകരിക്കുമോയെന്നുള്ള അറിയിപ്പ് പോലും യാത്രക്കാര്‍ക്ക് നല്‍കിയിട്ടില്ല.

ആഭ്യന്തരവും രാജ്യാന്തരവുമായി പ്രതിദിനം 360 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. ഇതില്‍ പകുതിയോളം സര്‍വീസുകള്‍ ഏതാനും ദിവസങ്ങള്‍കൂടി മുടങ്ങുമെന്നാണ് വിവരം. അവധിയെടുത്ത് പ്രതിഷേധിക്കുന്ന ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് എംഡി ആലോക് സിങ് അറിയിച്ചിട്ടും ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല. നൂറിലേറെ ജീവനക്കാരാണ് പ്രതിഷേധിക്കുന്നത്. ഏതാനും ദിവസത്തേക്ക് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 90 ലേറെ സര്‍വീസുകള്‍ മുടങ്ങി.

ചൊവ്വാഴ്ച രാത്രി മുതൽ എത്തിയ യാത്രക്കാരോട് വിമാനം വൈകുന്നതിനുള്ള കാരണങ്ങൾ പറയാൻ തുടക്കത്തിൽ അധികൃതർ തയാറായില്ല. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് അധികൃതർ മറുപടി നൽകാതിരുന്നതും യാത്രക്കാരെ പ്രകോപിപ്പിച്ചു. തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വച്ചു. പോലീസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥർ എന്നിവർ ഇടപെട്ടാണ് ടെർമിനലിലെ അനിഷ്ട സംഭവങ്ങളൊഴിവാക്കിയത്. യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ടിക്കറ്റ് തുക പൂർണമായി മടക്കി നൽകുകയോ മറ്റൊരു ദിവസത്തേക്ക് യാത്രാ തീയതി നീട്ടി നൽകുകയോ ചെയ്യാമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞിട്ടുള്ളത്.

Related Articles

Latest Articles