ദില്ലി: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തി വച്ച വിമാനങ്ങൾ ഈ മാസം 27 മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതു വരെ എയർ ബബിൾ സംവിധാനത്തിലുള്ള പ്രത്യേക സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമായതോടെ കഴിഞ്ഞ വർഷം ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാൽ ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭീതിയും ആശങ്കയും രാജ്യത്ത് നിറഞ്ഞതോടെ തീരുമാനം മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് ജനുവരി 31 വരെ ഏർപ്പെടുത്തിയിരുന്നു.
2020 മാർച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിലും എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ ഇന്ത്യക്കകത്തേക്കും പുറത്തേക്കും നടത്തിയിരുന്നു.

