ദില്ലി : ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്ന ഡെറാഡൂണിലെ മാക്‌സ് ആശുപത്രി അധികൃതർ പുറത്തുവിട്ടു . അപകടസ്ഥലത്തു നിന്നും പോലീസ് പന്തിനേയും ഡ്രൈവറേയും സക്ഷം ആശുപത്രിയിലേക്കാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്നാണ് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയത്. .
വാഹനം ഋഷഭ് പന്താണ് ഓടിച്ചിരുന്നതെന്നും പുലർച്ചെ ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ ഉറങ്ങിപ്പോയതിനാൽ വാഹനം നിയന്ത്രണം വിടുകയായിരുന്നുവെന്നും പന്ത് ഡോക്ടർമാരോടും പോലീസിനോടും പറഞ്ഞതായി ഡോ. അശിഷ് യാഗ്നിക് പറഞ്ഞു.
നാർസാൻ അതിർത്തിയിൽവെച്ച് പന്ത് സഞ്ചരിച്ച ബിഎംഡബ്ലു കാർ മീഡിയനിലേയ്‌ക്ക് ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. തുടർന്ന് കാർ അഗ്നിക്കിരയായി.ചില്ലു പൊട്ടിച്ച് പുറത്തുകടക്കാനായതാണ് പന്തിനു രക്ഷയായി .
25 വയസ്സുകാരനായ പന്ത് റൂർക്കിയിലെ വീട്ടിലേയ്‌ക്ക് പോകും വഴിയാണ് വാഹനാപകടമുണ്ടായത്. താരത്തിന്റെ പുറത്തും തോളിനും മുറിവേറ്റിറ്റുണ്ട്. തല ശക്തിയായി ഇടിയ്‌ക്കുകയും നെറ്റിയിൽ മുറിവേൽക്കുകയും ചെയ്തു. കണങ്കാലിനേറ്റ പരിക്കാണ് കൂടുതൽ ഗൗരവമായിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

