Monday, June 3, 2024
spot_img

നിങ്ങൾ ഭാരതത്തിന്റെ അഭിമാനവും പ്രചോദനവും! ഗോൾഡൻ ഗ്ലോബ് റെയ്‌സിൽ രണ്ടാംസ്ഥാനത്തെത്തിയ അഭിലാഷ് ടോമിയെ പ്രകീർത്തിച്ച് ഫ്രാൻസിലെ ഇന്ത്യൻ സ്ഥാനപതി

പാരീസ്: ഗോൾഡൻ ഗ്ലോബ് റെയ്‌സിൽ രണ്ടാം സ്ഥാനത്തെത്തിയ അഭിലാഷ് ടോമിയെ അഭിനന്ദിച്ച് ഫ്രാൻസിലെ ഇന്ത്യൻ സ്ഥാനപതി ജാവെദ് അഷ്‌റഫ്. “അഭിലാഷ് ടോമിക്ക് ഹാർദ്ദവമായ അഭിനന്ദനങ്ങൾ. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തുക വലിയ നേട്ടമാണ്. 55000 കിലോമീറ്റർ ദൂരം 265 ദിവസങ്ങൾ ചെറിയ ബോട്ടിൽ ആധുനിക സംവിധാനങ്ങൾ ഒന്നുമില്ലാതെ ഇടവേളകളില്ലാത്ത ലോകം ചുറ്റൽ, 2018 ൽ ഗുരുതരമായ പരിക്കേറ്റ ശേഷമുള്ള ഗംഭീര തിരിച്ചുവരവ്! നിങ്ങൾ ഭാരതത്തിന്റെ അഭിമാനവും പ്രചോദനവുമാണ്” ജാവെദ് ട്വിറ്ററിൽ കുറിച്ചു.

ഒറ്റയ്ക്കൊരു പായ്‌വഞ്ചിയിൽ ആധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെ എവിടെയും നിറുത്താതെ ലോകം ചുറ്റിവരുന്ന ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് നാല്പത്തി നാലുകാരനായ അഭിലാഷ്. 2022 സെപ്തംബർ 4ന് ലെ സാബ്‌ലെ ദെലോൺ തുറമുഖത്ത് നിന്ന് ആരംഭിച്ച യാത്ര 26,000 നോട്ടിക്കിൽ മൈൽ (ഏകദേശം 55000 കിലോ മീറ്റർ) താണ്ടി 236 ദിവസവും 14 മണിക്കൂറും 46 മിനിട്ടും കൊണ്ടാണ് അഭിലാഷ് പൂർത്തിയാക്കിയത്. ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൺ നോയി ഷെയ്ഫറാണ് ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ് റേസിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്.

2018ൽ ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കാനിറങ്ങിയെങ്കിലും അപകടത്തെ തുടർന്ന് അഭിലാഷ് ടോമിക്ക് മത്സരം പൂർത്തിയാക്കാനായില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ അഭിലാഷിന്റെ വഞ്ചി തകരുകയും നടുവിടിച്ചു വീണ് നട്ടെല്ലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ നട്ടെല്ലിൽ ടൈറ്റാനിയം റോഡ് ഘടിപ്പിക്കേണ്ടിവന്നു. ഇത്തവണയും ഇടയ്ക്ക് അപകടമുൾപ്പെടെയുള്ള പ്രതിസന്ധികൾ ഉണ്ടായെങ്കിലും വിജയകരമായി പൂ‌ർത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് അഭിലാഷ്. അദ്ദേഹത്തിന്റെ സഹോദരൻ അനീഷും സ്പോൺസർമാരായ യു.എ.ഇ ആസ്ഥാനമായ ബയാനതിന്റെ പ്രതിനിധികളുമെല്ലാം അഭിലാഷിനെ വരവേൽക്കാൻ ലെ സാബ്‌ലെ ദെലോണിൽ എത്തിയിരുന്നു.

Related Articles

Latest Articles