ദില്ലി: മുത്തലാഖ് നിരോധനത്തിലൂടെ കേന്ദ്രസർക്കാർ ചരിത്രപരമായ തെറ്റാണ് തിരുത്തിയതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുത്തലാഖ് നിരോധനത്തെ എതിർക്കുന്നവർ പോലും മനസുകൊണ്ട് നിയമത്തിന് അനുകൂലമാണ്. മുസ്ലീം സ്ത്രീകൾക്ക് ഇതിലൂടെ നീതി കിട്ടി. മുത്തലാഖ് വിഷയത്തിൽ പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചെന്നും ദില്ലിയിൽ ‘മുത്തലാഖ് നിർത്തലാക്കൽ ഒരു ചരിത്രപരമായ തെറ്റ് തിരുത്തൽ’ എന്ന വിഷയത്തിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.
മുത്തലാഖ് ദുരാചാരമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇത് മുസ്ലീം സമുദായത്തിന് ഗുണം ചെയ്യും. മുത്തലാഖ് ബില്ല് മുസ്ലീം സമുദായത്തിന്റെ പ്രയോജനത്തിന് വേണ്ടിമാത്രമാണ്. ഹിന്ദുക്കളും, ക്രിസ്ത്യാനികളും ജൈനരും ഇതിന്റെ ഗുണം അനുഭവിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
മുത്തലാഖിനെ പിന്തുണച്ച കോൺഗ്രസിനെതിരെയും ഷാ ആഞ്ഞടിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് 1985 ൽ ഷാബാനോയ്ക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ് നൽകി. എന്നാൽ രാജീവ് ഗാന്ധി യാഥാസ്ഥിതിക മുസ്ലിങ്ങളുടെയും വോട്ട് ബാങ്കിന്റെയും സമർദ്ദത്തെ തുടർന്ന് കോടതി വിധി അസാധുവാക്കിയെന്നും ഷാ പറഞ്ഞു. ഇന്നും കോൺഗ്രസിന് നാണമില്ല. മുത്തലാഖിന് അനുകൂലമായാണ് ഇപ്പോഴും അവർ സംസാരിക്കുന്നത് . എന്തു കൊണ്ടെന്ന് ചോദിച്ചാൽ ഉത്തരമില്ലെന്നും ഷാ പറഞ്ഞു.
ജൂലായ് 30 നാണ് മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയിലും പാസായത്. പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളിയാണ് രാജ്യസഭ മുത്തലാഖ് നിരോധന ബിൽ പാസാക്കിയത്. പുതിയ നിയമം അനുസരിച്ച് മുത്തലാഖ് ചൊല്ലുന്നത് മൂന്ന് വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

