ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീർ (Amit Shah Visits Kashmir) മണ്ണിലെത്തി. ഭീകരാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ വന്‍സുരക്ഷാ സന്നാഹത്തോടെയാണ് ഷായെ കശ്മീരിൽ സ്വീകരിച്ചത്. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. ജമ്മു കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചത്.
ജമ്മുവിലെത്തിയ ഷാ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച പോലീസുദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ പർവേസ് അഹമ്മദിന്റെ കുടുംബാംഗങ്ങളെയാണ് അദ്ദേഹം സന്ദർശിച്ചത്. ജമ്മുകശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹയും അമിത് ഷായ്‌ക്കൊപ്പം പർവേസിന്റെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.
“ഇന്ത്യയുടെ അഖണ്ഡതയും ആഭ്യന്തര സുരക്ഷയും സംരക്ഷിക്കാനാണ് പർവേസിനെപോലുള്ളവർ സ്വന്തം ജീവൻ വെടിഞ്ഞത്. ജമ്മുകശ്മീരിനെ മികച്ച സംസ്ഥാനമാക്കി മാറ്റുക എന്നതാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. ആ മഹത്തായ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നും പ്രവർത്തിക്കുന്നവരാണ് സുരക്ഷാ ഉദ്യോഗസ്ഥർ. രാജ്യം എന്നും അത്തരം ബലിദാനികളുടെ കുടുംബങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും” സന്ദർശനത്തിനുശേഷം അമിത് ഷാ പറഞ്ഞു.
അതേസമയം ശ്രീനഗറിൽ സൈന്യത്തിന് സഹായം നൽകുന്നു എന്നതിന്റെ പേരിലാണ് പോലീസ് ഉദ്യോഗസ്ഥർ കൊലചെയ്യപ്പെടുന്നത്. ജൂൺ മാസത്തിലാണ് പർവേസ് കൊല്ലപ്പെട്ടത്. പോലീസിൽ രഹസ്യാന്വേഷണ വിഭാഗത്തിലാണ് പർവേസ് പ്രവർത്തിച്ചിരുന്നത്. ഇസ്ലാംമതത്തിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ചാണ് ഭീകരർ കൊല്ലുന്നത്. എല്ലാ ആക്രമണങ്ങളിലും അതാത് പ്രദേശത്തെ ഭീകരരാണ് മുഖ്യപങ്കാളികളാകുന്നത്. സെപ്തംബറിൽ അർഷീദ് അഹമ്മദ് മിർ എന്ന പോലീസ് സബ്-ഇൻസ്‌പെക്ടറേയും ഭീകരർ വധിച്ചിരുന്നു. സെപ്തംബറിൽ തന്നെ ഭീകരരുടെ ആക്രണത്തിൽ അർഷിദ് അഷ്‌റഫ് എന്ന പോലീസുദ്യോഗസ്ഥന് ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനാണ് കേന്ദ്രമന്ത്രി ജമ്മു കശ്മീരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനം നടത്തുന്നത്. ഇന്ന് ജമ്മുവിലെ പൊതുറാലിയെയും അദ്ദേഹം അഭിസംബോധന ചെയ്യും. സുരക്ഷാ ഉന്നത ഉദ്യോഗസ്ഥരുമായും ഗ്രാമത്തലവന്മാരുമായും കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.

