ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും സിപിഎം ഇല്ലാതാകുന്ന സമയം അടുക്കുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമ്പോൾ കേരളത്തിലും താമര വിരിയുമെന്നും അദ്ദേഹം പാലക്കാട് നടന്ന പേജ് പ്രമുഖൻമാരുടെ സമ്മേളനത്തിൽ പറഞ്ഞു.

ശബരിമല വിഷയത്തിൽ വിശ്വാസികളെ ഇടത് പക്ഷ സർക്കാർ വഞ്ചിച്ചു. ഇത് കമ്യൂണിസ്റ്റ് സർക്കാറിന്റെ അടിത്തറ ഇളക്കും. 30000 അയ്യപ്പ വിശ്വാസികളെ പിണറായി സർക്കാർ കള്ള കേസിൽ കുടുക്കി. വിശ്വാസങ്ങളെ തകർക്കുന്നവരാണ് കമ്യൂണിസ്റ്റ് സർക്കാർ.

പോലീസ് വേഷം ധരിച്ച 1500 ഡിവൈഎഫ്ഐ ഗുണ്ടകളാണ് ശബരിമലയിൽ വിശ്വാസികളെ വേട്ടയാടിയത്. അയ്യപ്പ ഭക്തരെ വേട്ടയാടുന്നത് സിപിഎം അവസാനിപ്പിക്കണം അല്ലെങ്കിൽ ബംഗാളും തൃപുരയും ആവർത്തിക്കുമെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി