Sunday, May 19, 2024
spot_img

ദേശീയ പൗരത്വ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ,ബിൽ അവതരിപ്പിക്കുന്നത് അമിത് ഷാ…നടപടിക്രമങ്ങൾ ഉറ്റു നോക്കി രാജ്യം…

ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഉച്ചക്ക് രണ്ട് മണിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുക.തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് രാജ്യസഭയില്‍ പൗരത്വബില്ലിന്മേല്‍ ചര്‍ച്ച നടക്കുക.ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണു ബി.ജെ.പി. ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പുനല്‍കിയിട്ടുണ്ട്

നിലവില്‍ 238 അംഗങ്ങളാണ് സഭയിലുള്ളത്. ബില്‍ പാസാവാന്‍ 120 പേരുടെ പിന്തുണ വേണം. ബി.ജെ.പി.യുടെ 83 സീറ്റടക്കം എന്‍.ഡി.എ.യ്ക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്. എ.ഐ.എ.ഡി.എം.കെ.-11, ബി.ജെ.ഡി.-7, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്-2, ടി.ഡി.പി.-2 എന്നീ കക്ഷികളില്‍നിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബി.ജെ.പി. വൃത്തങ്ങള്‍ പറയുന്നത്. എങ്കില്‍ 127 പേരുടെ പിന്തുണയാവും

12 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലോക്സഭയില്‍ ബില്‍ വോട്ടിനിട്ടത്.

വോട്ടെടുപ്പില്‍ പങ്കെടുത്ത 391 അംഗങ്ങളില്‍ 80 പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. 311 പേര്‍ ബില്ലിനെ അനൂകൂലിച്ച് വോട്ട് രേഖപ്പെടുത്തി. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ 123 എംപിമാരുടെ പിന്തുണ ലഭിച്ചാലാണ് ബില്‍ പാസാകുക. രാജ്യസഭയുടെ പരിഗണനക്ക് എത്തുന്ന ബില്‍ പാസായാല്‍ ഇത് രാഷ്ട്രപതിയുടെ മുന്നിലെത്തും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്‍ നിയമമാകും.

പൗരത്വ നിയമം വരുന്നതോടെ 2014 ഡിസംബര്‍ 31നോ അതിനു മുമ്പോ ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ മത വിഭാഗങ്ങളില്‍പെട്ട അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹത നേടും. ഭരണ ഘടനയുടെ ആറാം അനുബന്ധത്തിന്റെ സംരക്ഷണമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളെ ബില്ലിലെ വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Latest Articles