കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അത്, വേറൊന്നുമല്ല… കശ്മീരിൽ നടന്ന പ്രസംഗത്തിനിടെ മസ്ജിദിൽ നിന്ന് വാങ്ക് വിളി കേട്ടതോടെ പാതിവഴിയിൽ പ്രസംഗം നിർത്തുകയാണ് മന്ത്രി. ബാരാമുള്ളയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവേയാണ് സംഭവം നടന്നത്. തുടർന്ന് അനുവാദം ചോദിച്ച ശേഷം മാത്രമാണ് അദ്ദേഹം പ്രസംഗം വീണ്ടും തുടർന്നത്. അമിത് ഷായുടെ ആദരവിനെ പ്രവർത്തകർ കൈയ്യടികളോടെയാണ് സ്വീകരിച്ചത്.
വടക്കൻ കശ്മീർ ജില്ലയിലെ ഷൗക്കത്ത് അലി സ്‌റ്റേഡിയത്തിലായിരുന്നു റാലി. ആയിരക്കണക്കിന് ആളുകൾ റാലിയിൽ പങ്കെടുക്കാനെത്തി. പ്രസംഗം തുടങ്ങുന്നതിന് മുൻപത് തന്നെ അദ്ദേഹം തനിക്ക് ഒരുക്കിയിരുന്ന ബുള്ളറ്റ് പ്രൂഫ് കവചം ഉദ്യോഗസ്ഥരെക്കൊണ്ട് മാറ്റിച്ചിരുന്നു. കശ്മീരിൽ തനിക്ക് ബുള്ളറ്റ് പ്രൂഫിന്റെ സുരക്ഷ ആവശ്യമില്ലെന്നാണ് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ പ്രസംഗം ആരംഭിച്ചു.
എന്നാൽ അഞ്ച് മിനിറ്റിനകം സമീപത്തെ മസ്ജിദിൽ നിന്ന് വാങ്ക് വിളി ഉയർന്നു. ഇതോടെ മസ്ജിദിൽ എന്തെങ്കിലും വിശേഷ പരിപാടി നടക്കുന്നുണ്ടോയെന്ന് അദ്ദേഹം കൂടെയുള്ളവരോട് ചോദിച്ചു. അത് വാങ്ക് വിളിക്കുന്നതാണെന്ന് പറഞ്ഞതോടെ അദ്ദേഹം പ്രസംഗം പാതിവഴിയിൽ വെച്ച് നിർത്തി. ജനങ്ങൾ കൈയ്യടികളോടെ ഇതിനെ സ്വീകരിച്ചു.
വാങ്ക് വിളി അവസാനിച്ചപ്പോൾ തനിക്ക് പ്രസംഗം തുടരാമോ എന്ന് അദ്ദേഹം പ്രവർത്തകരോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. തുടരണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ട ശേഷമാണ് അദ്ദേഹം വീണ്ടും പ്രസംഗം ആരംഭിച്ചത്.
വാങ്ക് വിളിക്കുമ്പോൾ അമിത് ഷാ പ്രസംഗം നിർത്തുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങലിൽ വൈറലായിരിക്കുകയാണ്.

