Thursday, January 8, 2026

തിരഞ്ഞെടുപ്പില്‍ ജയിക്കണം, പക്ഷേ അത് എതിരാളികളെ ഇല്ലായ്മ ചെയ്തുകൊണ്ടല്ല | പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് അമിത് ഷാ

തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കിയിട്ടല്ല സംസ്ഥാനങ്ങളിൽ ബിജെപി ഭരണനിർവഹണം നടത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു.

പ്രത്യയശാസ്ത്രവും, ഭരണമികവും, ഭരണകാലത്തെ പ്രകടനവും മുൻനിർത്തിയാണ് ബിജെപി തിരഞ്ഞെടുപ്പുകളിൽ പോരാടുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാൻ ഗോവയിലേക്ക് പോയവരാണ് തൃണമൂലുകാർ. പക്ഷേ, പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ വധിച്ചിട്ടോ സ്ത്രീകളെ ഉപദ്രവിച്ചിട്ടോ ഒരു സംസ്ഥാനത്ത് ഭരണം നിലനിർത്താൻ ശ്രമിക്കുന്നവരല്ല ബിജെപിക്കാരെന്നും അമിത് ഷാ ലോക്‌സഭയിൽ വ്യക്തമാക്കി.

‘നിങ്ങള്‍ എന്തിനാണ് ഗോവയില്‍ പോയത്, നിങ്ങള്‍ എന്തിനാണ് ത്രിപുരയിലേക്ക് പോകുന്നത്, നിങ്ങള്‍ക്ക് പോകാന്‍ അവകാശമുണ്ട്, പോകരുത് എന്ന് ഞാന്‍ പറയാന്‍ പാടില്ല. എല്ലാ പാര്‍ട്ടികളും അവരുടെ ആശയങ്ങളും പരിപാടികളും പ്രകടനവുമായി എല്ലാ സ്ഥലങ്ങളിലും പോകണം, ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം’ തൃണമൂല്‍ എംപി സൗഗത റോയിയുടെ പരാമര്‍ശങ്ങളോടുള്ള പ്രതികരണമായി അമിത് ഷാ പറഞ്ഞു.

അതുപോലെ ‘ഞങ്ങള്‍ എല്ലായിടത്തും മത്സരിക്കാനും ജയിക്കാനും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ എതിര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കൊന്നൊടുക്കിയും കൊലപാതക പരമ്പരകള്‍ നടത്തിയും എതിര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാര്യമാരേയും പെണ്‍മക്കളേയും ബലാത്സംഗം ചെയ്തും അധികാരം പിടിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. അത് ഞങ്ങളുടെ സംസ്‌കാരമല്ല’- എന്ന് പശ്ചിമ ബംഗാളിനേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും ചൂണ്ടിക്കാട്ടികൊണ്ട് അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ വർഷം നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളിൽ നടന്ന അക്രമസംഭവങ്ങളുടേയും ഈയടുത്ത് നടന്ന സംഘർങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പരാമർശം.

തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയം മൂലമാണ് ഡൽഹിയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സർക്കാർ നീട്ടിക്കൊണ്ട് പോകുന്നതെന്ന ആംആദ്മി പാർട്ടിയുടെ ആരോപണങ്ങൾക്കും അമിത് ഷാ മറുപടി നൽകി. ‘എന്തിന് എഎപിയെ ഭയപ്പെടണം? തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെങ്കിൽ, ആറ് മാസത്തിന് ശേഷവും അവർക്ക് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും വിജയിക്കുകയും ചെയ്യാം. എന്നിട്ടും എന്തിനാണ് പരിഭ്രമമെന്ന് അമിത് ഷാ ചോദിച്ചു.

ജയവും തോൽവിയും ജനാധിപത്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഒരു തിരഞ്ഞെടുപ്പ് തോൽവിയെയും ബിജെപി ഭയത്തോടെ വീക്ഷിക്കുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. കൂടാതെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണെന്നും ഇവര്‍ വര്‍ഷങ്ങളായി ആഭ്യന്തര തിരഞ്ഞെടുപ്പുകള്‍ നടത്താറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ആദ്യം സ്വന്തം പാര്‍ട്ടികളില്‍ തിരഞ്ഞെടുപ്പ് നടത്തുക ശേഷം രാജ്യത്തെ കുറിച്ച് സംസാരിക്കുക’- അമിത് ഷാ വ്യക്തമാക്കി.

അതുപോലെ പ്രതികളെ തിരിച്ചറിയുന്നതിനും അന്വേഷണത്തിനുമായും രേഖകൾ സൂക്ഷിക്കുന്നതിനുള്ള ക്രിമിനൽ തിരിച്ചറിയൽ നടപടിക്രമ ബില്ല്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിക്കുകയുണ്ടായി.
വ്യക്തികളുടെ വിരലടയാളങ്ങൾ, കാൽപ്പാടുകൾ, ഫോട്ടോഗ്രാഫുകൾ, ഐറിസ്, റെറ്റിന സ്കാനുകൾ, ഫിസിക്കൽ, ബയോളജിക്കൽ സാമ്പിളുകൾ, അവയുടെ വിശകലനം, ഒപ്പ്, കയ്യക്ഷരം തുടങ്ങിയവ ശേഖരിക്കാൻ പൊലീസിനെ അനുവദിക്കുന്നതാണ് പുതിയ ബില്ല്. എന്നാൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ബില്ലാണിതെന്ന് പ്രതിപക്ഷം വിമർശിച്ചു.

അതേസമയം കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാനമാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരേ പഞ്ചാബിലെ രാഷ്ട്രീയ കക്ഷികള്‍. അമിത് ഷായുടെ ഇടപെടല്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും ചണ്ഡീഗഡിനുമേല്‍ പഞ്ചാബിനുള്ള നിയന്ത്രണാധികാരത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.

അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരേ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് മുതിര്‍ന്ന ആംആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രംഗത്തുവന്നു. 2017 മുതല്‍ 2022 വരെ പഞ്ചാബ് കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍, ചണ്ഡീഗഡിന് മേലുള്ള നിയന്ത്രണം അമിത് ഷാ എടുത്തുകളഞ്ഞില്ല. പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാര്‍ രൂപീകരിച്ചതിനു തൊട്ടുപിന്നാലെ പുതിയ ഇടപെടലുകളുമായി രംഗത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മിയുടെ വളര്‍ച്ചയില്‍ ബിജെപിക്ക് ഭയമാണെന്നും മനീഷ് സിസോദിയ ആരോപിച്ചു.

നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസും ശിരോമണി അകാലിദളും രംഗത്തുവന്നു. കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്ന് മുതിര്‍ന്ന എസ്എഡി നേതാവ് ദല്‍ജിത് സിങ് ചീമ പറഞ്ഞു. പഞ്ചാബിന്റെ അധികാരം കവരാനുള്ള കേന്ദ്രനീക്കം അപലപനീയമാണെന്നും സംസ്ഥാനത്തോട് കൂടിയാലോചനയില്ലാതെ എടുത്ത തീരുമാനം ഒരു തരത്തിലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര നടപടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് സുഖ്പാല്‍ സിങ് ഖൈറ, വിഷയത്തില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നിനോട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ചണ്ഡീഗഡ് സംസ്ഥാന സര്‍വീസ് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ കേന്ദ്ര സിവില്‍ സര്‍വീസിന്‍റേതിനു തുല്യമാക്കുമെന്നും വിരമിക്കല്‍ പ്രായം ഉയര്‍ത്തുമെന്നുമാണ് അമിത് ഷാ പ്രഖ്യാപിച്ചത്. ചണ്ഡീഗഡ് പോലീസിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിന് ശേഷം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഷായുടെ പ്രഖ്യാപനം. ഇത് ജീവനക്കാര്‍ക്ക് വലിയ രീതിയില്‍ ഗുണംചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Related Articles

Latest Articles