Sunday, May 19, 2024
spot_img

‘ബലാത്സംഗത്തിന് ഉദാഹരണമായി ഹിന്ദു പുരാണങ്ങളിലെ ചില സംഭവങ്ങളെക്കുറിച്ച് പരാമർശിച്ചു’; ‘ഹിന്ദു ദേവന്മാരെയും ദേവതകളെയും അപമാനിച്ചത്തിന്റെ പേരിൽ അലിഗഡ് സർവകലാശാല പ്രൊഫസർക്ക് സസ്‌പെൻഷൻ

അലിഗഡ്: ഫോറൻസിക് സയൻസ് ക്ലാസിൽ ബലാത്സംഗത്തിന് ഉദാഹരണമായി ഹിന്ദു പുരാണങ്ങളിലെ ചില സംഭവങ്ങളെക്കുറിച്ച് പരാമർശിച്ചതിന് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് അലിഗഡ് മുസ്ലിം സർവകലാശാല പ്രഫസർക്ക് സസ്പെൻഷൻ. ഹിന്ദു ദൈവങ്ങളുടെ സ്വഭാവത്തെ ചോദ്യം ചെയ്‌തെന്ന സംഭവത്തിലാണ് ആരോപണവിധേയനായ ഡിപാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിതേന്ദ്ര കുമാറിനെ സസ്‌പെൻഡ് ചെയ്തത്. അദ്ദേഹത്തിന് സർവകലാശാലാ കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു. കൂടാതെ മുഴുവൻ സംഭവങ്ങളും അന്വേഷിക്കാൻ രണ്ടംഗ സമിതിയെ സർവകലാശാല നിയോഗിച്ചിട്ടുണ്ട്.

അലിഗഡ് മുസ്‌ലിം സർവകലാശാലയിലെ ഫോറൻസിക് മെഡിസിൻ വിഭാഗവുമായി ബന്ധപ്പെട്ടതാണ് വിഷയം. ഏപ്രിൽ അഞ്ചിന് രാത്രി എട്ടിന് ലൈംഗികാതിക്രമങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഡിപാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിതേന്ദ്ര കുമാർ. ഭാരതത്തിലെ ബലാത്സംഗത്തെക്കുറിച്ചും അതിന്റെ ചരിത്രപരവും മതപരവുമായ പരാമർശങ്ങളെക്കുറിച്ചും പ്രൊഫസർ പഠിപ്പിച്ചിരുന്നതായി വിദ്യാർഥികൾ പറഞ്ഞു. ‘ബ്രഹ്മ തന്റെ മകളെ ബലാത്സംഗം ചെയ്ത’ കഥയാണ് സ്ലൈഡ് പറയുന്നതെന്നും വേഷം മാറി ഭാര്യയെ ബലാത്സംഗം ചെയ്തതിന് റുഷി ഗൗതമൻ ഇന്ദ്രനെ ശിക്ഷിച്ചതായും മഹാവിഷ്ണു ജലന്ധരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതായും പ്രൊഫസർ വിശദീകരിച്ചെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു.

മാത്രമല്ല നിർഭയ ബലാത്സംഗം, മഥുര ബലാത്സംഗക്കേസ്, ഹൈന്ദവ ആചാരപ്രകാരമുള്ള വിവിധ വിവാഹങ്ങൾ എന്നിവയെക്കുറിച്ച് ജിതേന്ദ്ര കുമാർ പരാമർശിച്ചതായും വിദ്യാർഥികൾ ആരോപിച്ചു. തുടർന്ന് ഡോ. ജിതേന്ദ്ര കുമാറിന്റെ സ്ലൈഡ് ഷോയ്‌ക്കെതിരെ AMUവിദ്യാർഥികൾ സർവകലാശാലാ അധികൃതർക്ക് പരാതി നൽകി. ഇതിന് പിന്നാലെയാണ് സർവകലാശാലാ വിഷയത്തിൽ നടപടി സ്വീകരിച്ചത്. പ്രൊഫ. രാകേഷ് ഭാർഗവയുടെ ശുപാർശ പ്രകാരം രണ്ടംഗ സമിതി രൂപീകരിച്ചു.ഡോ.ജിതേന്ദ്രകുമാറിനെതിരായ എല്ലാ ആരോപണങ്ങളും ഈ സമിതി അന്വേഷിക്കും. അതിന്റെ റിപ്പോർട്ട് സർവകലാശാലയ്ക്ക് സമർപിക്കും.

അതേസമയം ഈ വിഷയം കത്തിപ്പടർന്നപ്പോൾ, പ്രൊഫസർ നിരുപാധികം മാപ്പ് പറഞ്ഞു. ഏതെങ്കിലും മതത്തെ അവഹേളിക്കണമെന്ന് കരുതിയിരുന്നില്ലെന്നും പഴയ കാലം മുതൽക്കേ നമ്മുടെ സമൂഹത്തിൽ ബലാത്സംഗം നടക്കുന്നുണ്ടെന്ന് ഊന്നിപറയാൻ ശ്രമിച്ചതാണെന്നും വൈസ് ചാൻസലർ താരിഖ് മൻസൂറിന് നൽകിയ കത്തിൽ പ്രൊഫസർ ജിതേന്ദ്രകുമാർ പറഞ്ഞു. സ്ലൈഡ് ഷോകൾ അടക്കമുള്ള ക്ലാസിനെ തുടർന്നാണ് വിദ്യാർത്ഥികളുടെയും സ്റ്റാഫംഗങ്ങളുടെയും വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് പരാതികൾ ഉയർന്നത്.

Related Articles

Latest Articles