Monday, May 20, 2024
spot_img

പാകിസ്ഥാനിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ ചാവേറാക്രമണം ! ഒമ്പത് സൈനികർ കൊല്ലപ്പെട്ടു; 17 പേർക്ക് പരിക്ക് ! ഒരിക്കൽ പാക് ഭരണകൂടം നട്ടുവളർത്തിയ തീവ്രവാദി ഗ്രൂപ്പുകൾ ഇന്ന് സ്വന്തം ഘാതകരായി രൂപം മാറിയപ്പോൾ ഇന്നത്തെ പാകിസ്ഥാനിൽ സംഭവിക്കുന്നതെന്ത് ?

ഖൈബർ പഖ്തൂൺ: പാകിസ്ഥാനിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. 17 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരിൽ നായിബ് സുബേദാർ സനോബർ അലിയും ഉൾപ്പെടും. ബന്നു ജില്ലയിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ജനിഖേൽ പ്രദേശത്താണ് സംഭവം.

സൈനിക വാഹന വ്യൂഹത്തിന് സമീപം ഇരുചക്രവാഹനത്തിൽ എത്തിയ ചാവേർ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഖൈബര്‍ പഖ്തൂണ്‍ഖ്വയും ബലൂചിസ്താനും ഭീകരരുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളാണ്. കഴിഞ്ഞ നവംബറിൽ പാക് സർക്കാരും ഭീകരസംഘടനയായ തെഹ് രീക് ഇ താലിബാനുമായി വെടിനിർത്തലിൽ എത്തിയിരുന്നു.

ഇന്ത്യയെ തകർക്കാനായി പാക് ഭരണകൂടം നട്ടുവളർത്തിയ തീവ്രവാദി ഗ്രൂപ്പുകൾ ഇന്ന് അവർക്ക് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. പാകിസ്ഥാനെ ചെറു കഷണങ്ങളായി മുറിച്ചെടുത്ത് സ്വയം ഭരിക്കാനാണ് ഇന്ന് തീവ്രവാദി ഗ്രൂപ്പുകൾ ശ്രമിക്കുന്നത്. ചില പ്രവിശ്യകൾ ഇതിനോടകം അവരുടെ കൈകളിലാകുകയും ചെയ്തിട്ടുണ്ട്. ആയുധ ഇടപാടിലൂടെയും അവയവക്കച്ചവടത്തിലൂടെയും ഇവർ ധാരാളം പണം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനിൽ ജനങ്ങൾ ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുകയാണ്. ചെറുപ്പക്കാരുടെ നിസഹയാവസ്ഥ മുതലെടുത്ത് തീവ്രവാദി ഗ്രൂപ്പുകൾ അവരെ റിക്രൂട്ട് ചെയ്യുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

Related Articles

Latest Articles