Tuesday, November 3, 2026

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ നടന്ന ആക്രമണം; പിന്നിൽ പാകിസ്ഥാൻ ഭീകരർ; കശ്മീരിലെ സമാധാനം തകർക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ വക്താവ്

ദില്ലി : ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ നടന്ന ആക്രമണത്തിന് പാക് ഭീകരർ തന്നെയാണ് ഉത്തരവാദികളെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ഈ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം പ്രദേശത്ത് സമാധാനം തകർക്കുകയും, പ്രദേശവാസികളിൽ ഭീതി പരത്തുകയും ചെയ്യുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ശക്തമായി തുടരുന്നുവെന്നും പ്രതിരോധ വക്താവ് അറിയിച്ചു.

നിയന്ത്രണരേഖയ്ക്കടുത്തും കൂടാതെ ആക്രമണമുണ്ടായ സ്ഥലത്തും തിരച്ചിൽ നേരത്തെ തന്നെ ആരംഭിച്ചുവെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ആക്രമണത്തിന് ശേഷം ഭീകരർ വനത്തിലേക്ക് മറഞ്ഞതായി വിവരം ലഭിച്ചതിനാൽ ആ ഭാഗത്തും തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്ന പ്രതീക്ഷ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചു.

ജമ്മു കശ്മീരിലെ ഗുൽമാർഗ് സെക്ടറിലെ നിയന്ത്രണരേഖയ്ക്കടുത്ത് വ്യാഴാഴ്ചയാണ് ആക്രമണം നടന്നത്. ഈ ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. റൈഫിൾമാൻമാരായ കൈസർ അഹമ്മദ് ഷാ, ജീവൻ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.

Related Articles

Latest Articles