Thursday, January 8, 2026

ബഫർ സോൺ; വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിർദ്ദേശം; വിവരശേഖരണത്തിനും പരിശോധനക്കുമായി വിദഗ്ധ സമിതി രൂപീകരിച്ച് കേരളം

തിരുവനന്തപുരം : സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച് ബഫര്‍ സോണുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും പരിശോധനക്കുമായി കേരളം വിദഗ്ധ സമിതി രൂപീകരിച്ചു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സമിതിയില്‍ പരിസ്ഥിതി വകുപ്പിലെയും തദ്ദേശസ്വയം ഭരണ വകുപ്പിലെയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ വനം വകുപ്പ് മേധാവി ജയിംസ് വര്‍ഗീസും അംഗങ്ങളാണ്.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഫീല്‍ഡ് പരിശോധന നടത്തുന്നതുമാണ് വിദഗ്ധ സമിതിയുടെ ചുമതല. സമിതിയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്.

കേരള സ്‌റ്റേറ്റ് റിമോട്ട് സെന്‍സിംഗ് & എന്‍വിയോണ്‍മെന്റല്‍ സെന്റര്‍ നേരത്തെ തയ്യാറാക്കി സമര്‍പ്പിച്ച ഫീൽഡ് റിപ്പോര്‍ട്ട് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിശോധിച്ച് ആവശ്യമായ ഫീല്‍ഡ് പരിശോധനയും നടത്തിയ ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിയ്ക്ക് സമര്‍പ്പിക്കുക.

Related Articles

Latest Articles