കോഴിക്കോട്: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിൽ രമേശ് ചെന്നിത്തലക്കുള്ള അതൃപ്തി കുഴപ്പമാകില്ലെന്ന് എകെ ആന്റണി. എന്നാൽ തനിക്ക് കടുത്ത അതൃപ്തി ഉള്ളതായി ചെന്നിത്തല വ്യക്തമാക്കി ചെന്നിത്തലക്ക് അതൃപ്തിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് കെ സി വേണുഗോപാൽ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം തനിക്ക് ചിലത് പറയാൻ ഉണ്ടെന്നും ചെന്നിത്തല തുറന്നടിച്ചു. എന്നാൽ തനിക്കും ചിലത് പറയാൻ ഉണ്ടെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്നുമുള്ള സൂചനകൾ കെ മുരളീധരനും നൽകി. ചെന്നിത്തലക്ക് അർഹിച്ച സ്ഥാനം ലഭിച്ചില്ലെന്ന് കെ സുധാകരനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതോടെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളുടെ ചുമതല നൽകി ചെന്നിത്തലയുടെ അതൃപ്തി പരിഹരിക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കം.
അതേസമയം ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല നൽകി ഒതുക്കാനുള്ള നീക്കം അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് ചെന്നിത്തലയും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവരും. ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കുന്നതോടെ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽനിന്ന് ചെന്നിത്തലയെ മാറ്റിനിർത്താമെന്ന കണക്കുകൂട്ടലിലാണ് കെ സി വേണുഗോപാൽ.

