Thursday, October 8, 2026

റഷ്യന്‍ ആയുധങ്ങള്‍ക്ക് പകരം മേഡ് ഇന്‍ ഇന്ത്യ. ആകാശ് മിസൈല്‍ വാങ്ങി മധ്യേഷ്യന്‍ രാജ്യങ്ങള്‍

ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ആകാശ്’ വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം മധ്യേഷ്യന്‍ രാജ്യങ്ങളായ തജിക്കിസ്ഥാനും തുര്‍ക്ക്മെനിസ്ഥാനും സ്വന്തമാക്കി. മുന്‍ ഡി.ആര്‍.ഡി.ഒ (DRDO) ചെയര്‍മാന്‍ സമീര്‍ കാമത്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍ പരമ്പരാഗതമായി ആധിപത്യം പുലര്‍ത്തിയിരുന്ന മധ്യേഷ്യന്‍ വിപണിയിലേക്ക് ഇന്ത്യ ആദ്യമായി ശക്തമായ സാന്നിധ്യമറിയിക്കുന്നു എന്ന പ്രത്യേകതയും ഈ ചരിത്രപരമായ കരാറിനുണ്ട്.

പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO) രൂപകല്‍പ്പന ചെയ്ത് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL) നിര്‍മ്മിക്കുന്ന ആകാശ്, ഇടത്തരം പരിധിയിലുള്ള ഒരു പ്രതലത്തില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന (Surface-to-Air) മിസൈല്‍ സംവിധാനമാണ്. യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവയെ വായുവില്‍ വെച്ചുതന്നെ തകര്‍ത്തുകളയാന്‍ ഈ സംവിധാനത്തിന് കഴിവുണ്ട്. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ കൃത്യമായി നിരീക്ഷിക്കാനും ആക്രമിക്കാനും സഹായിക്കുന്ന അത്യാധുനിക ‘രാജേന്ദ്ര’ ഫേസ്ഡ്-അറേ റഡാര്‍ ആകാശിന്റെ പ്രധാന സവിശേഷതയാണ്.

ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആക്ടീവ് റേഡിയോ-ഫ്രീക്വന്‍സി സീക്കര്‍ ഉള്‍പ്പെടുത്തിയ ആകാശ് എം.കെ 1എസ് പതിപ്പാണ് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് കരാറിലെത്തിയത്. ഇത് ശത്രുക്കളുടെ ഇലക്ട്രോണിക് ജാമിങ് തടസ്സങ്ങളെ മറികടന്ന് കൃത്യമായി ലക്ഷ്യം കാണാന്‍ സഹായിക്കും. തജിക്കിസ്ഥാനുമായും തുര്‍ക്ക്മെനിസ്ഥാനുമായുമുള്ള കരാറിന്റെ ആകെ മൂല്യമോ, കൈമാറിയ മിസൈലുകളുടെ എണ്ണമോ നിലവില്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സോവിയറ്റ് കാലഘട്ടത്തിലെ ആയുധങ്ങള്‍ക്ക് പകരമായി ഇന്ത്യ നിലവില്‍ തജിക്കിസ്ഥാനും തുര്‍ക്ക്മെനിസ്ഥാനും ഉപയോഗിക്കുന്നത് പഴയ സോവിയറ്റ്-റഷ്യന്‍ നിര്‍മ്മിത വ്യോമപ്രതിരോധ സംവിധാനങ്ങളായ S-125, Kub, Buk, S-300 എന്നിവയാണ്. ഈ പഴയ ആയുധശേഖരങ്ങള്‍ കാലഹരണപ്പെടുന്നതും ആധുനിക വ്യോമ ഭീഷണികള്‍ വര്‍ദ്ധിക്കുന്നതുമാണ് പുതിയ വിതരണക്കാരെ തേടാന്‍ ഇരു രാജ്യങ്ങളെയും പ്രേരിപ്പിച്ചത്.

നേരത്തെ ആകാശ് മിസൈല്‍ വാങ്ങിയ അര്‍മേനിയ, പിന്നീട് ഇന്ത്യയില്‍ നിന്ന് റഡാറുകളും പീരങ്കികളും സൈനിക വാഹനങ്ങളും അധികമായി വാങ്ങിയിരുന്നു. സമാനമായി തജിക്കിസ്ഥാനില്‍ നിന്നും തുര്‍ക്ക്മെനിസ്ഥാനില്‍ നിന്നും കൂടുതല്‍ പ്രതിരോധ ഓര്‍ഡറുകള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെയും പ്രതിരോധ കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള നയങ്ങളുടെയും ആഗോള അംഗീകാരമാണിത്. സാമ്പത്തിക നേട്ടത്തിന് പുറമെ, തന്ത്രപ്രധാനമായ മധ്യേഷ്യന്‍ മേഖലയില്‍ ഇന്ത്യയുടെ ഭൗമരാഷ്ട്രീയ സ്വാധീനം വര്‍ദ്ധിക്കാന്‍ ഈ കരാര്‍ വഴിയൊരുക്കും.

Related Articles

Latest Articles