Saturday, September 19, 2026

ഭീതിയുയര്‍ത്തി അനക് ക്രാക്കത്തോവ: ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വത സ്ഫോടനം; വ്യോമ-സമുദ്ര ഗതാഗതം സ്തംഭിച്ചു, ദുരിതത്തിലായി 1.7 ലക്ഷം യാത്രക്കാര്‍

ഇന്തോനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന അനക് ക്രാക്കത്തോവ (Anak Krakatau) അഗ്‌നിപര്‍വ്വതത്തിലുണ്ടായ ശക്തമായ സ്ഫോടനത്തെത്തുടര്‍ന്ന് രാജ്യത്തെ ഗതാഗത മേഖലയും ജനജീവിതവും പൂര്‍ണ്ണമായി താറുമാറായി. ആകാശത്തേക്ക് ഉയര്‍ന്ന വന്‍ പുകപടലങ്ങളും ചാമ്പലും വിമാന സര്‍വീസുകള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് ജക്കാര്‍ത്ത ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെ 7 വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടി.

വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ 1.70 ലക്ഷത്തിലധികം യാത്രക്കാരെ ബാധിച്ചു. 8 വിമാനത്താവളങ്ങളിലായി 1,558-ലധികം സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ജക്കാര്‍ത്തയിലെ 2 പ്രധാന വിമാനത്താവളങ്ങള്‍, ലാംപങ്, വെസ്റ്റ് ജാവ തുടങ്ങിയ പ്രവിശ്യകളിലെ കേന്ദ്രങ്ങള്‍ എന്നിവ അടച്ചു. പുകപടലങ്ങള്‍ കാരണം വായുമലിനീകരണം രൂക്ഷമായതോടെ ജക്കാര്‍ത്തയിലെ സ്‌കൂളുകളില്‍ തിങ്കളാഴ്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രഖ്യാപിച്ചു.

ശനിയാഴ്ച രാത്രിയോടെയാണ് അഗ്‌നിപര്‍വ്വതത്തില്‍ ആദ്യ സ്ഫോടനമുണ്ടായത്. ഞായറാഴ്ച രാത്രിയിലും ശക്തമായ സ്ഫോടനങ്ങള്‍ തുടര്‍ന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ലാവ പുറത്തേക്ക് ഒഴുകുകയും കിലോമീറ്ററുകള്‍ അകലേക്ക് വന്‍ ശബ്ദം മുഴങ്ങുകയും ചെയ്തു. സുന്ദ കടലിടുക്കിലൂടെ (Sunda Strait) കടന്നുപോകുന്ന കപ്പലുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അഗ്‌നിപര്‍വ്വതത്തിന് ചുറ്റുമുള്ള 3 കിലോമീറ്റര്‍ പ്രദേശം നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഈ ഭാഗത്തേക്ക് യാതൊരു വിധ ബോട്ടുകളോ കപ്പലുകളോ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമായ സ്ഫോടനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യന്‍ അഗ്‌നിപര്‍വ്വത നിരീക്ഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. വിമാന സര്‍വീസുകള്‍ എപ്പോള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ഗതാഗതമന്ത്രി ദുഡി പുര്‍വഗന്ധി വ്യക്തമാക്കി. സ്വാഭാവിക ദുരന്തമായതിനാല്‍ യാത്രക്കാര്‍ സഹകരിക്കുന്നുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles