തിരുവനന്തപുരം : ഇന്ന് ആറ്റുകാൽ പൊങ്കാല. പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്ത സഹസ്രങ്ങളെ വരവേറ്റ് അനന്തപുരി. പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനായി ഇന്ന് തലസ്ഥാനത്തെത്തിയിരിക്കുന്നത്. രാവിലെ പത്ത് മണിയോടുകൂടി ആറ്റുകാൽ നടയിലെ പണ്ടാര അടുപ്പിൽ തിരിതെളിയിക്കും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പൊങ്കാല അർപ്പിക്കാൻ വന്നവരിൽ വൻ വര്‍ദ്ധനവാണ് ഇക്കുറി ആറ്റുകാലില്‍ കാണുന്നത്. അടുപ്പുവെട്ടിന് ശേഷം ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം. അതിനു ശേഷം രാത്രി കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍കുത്ത്. രാത്രി 10.15 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കുകയും നാളെ രാവിലെ തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8 ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.15 ന് ദേവിയുടെ കാപ്പഴിക്കുകയും തുടർന്ന് പുലര്‍ച്ചെ നടത്തുന്ന കുരുതി തര്‍പ്പണത്തോട് കൂടി ഈ വർഷത്തെ ഉത്സവം സമാപിക്കും
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷയ്ക്കായി 3300 പോലീസ് ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ 150 വൊളന്റിയര്‍മാര്‍, അഗ്‌നി രക്ഷാ സേനയുടെ 250 ജീവനക്കാര്‍ എന്നിവരെല്ലാം ഭക്തജനങ്ങളുടെ സേവനത്തിനായി ഇന്ന് അന്തപുരിയിൽ ഉണ്ടാവും. കെഎസ്ആര്‍ടിസി 400 സര്‍വീസുകള്‍ നടത്തും. 1270 പൊതു ടാപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനത്തിന് മൂവായിരാത്തോളം പേരെ തിരുവനന്തപുരം കോര്‍പറേഷന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കണ്‍ട്രോള്‍ റൂമുകളും ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്.

