Friday, May 10, 2024
spot_img

നാഥനില്ലാതെ കോണ്‍ഗ്രസ്: ചരിത്രത്തിലാദ്യമായി പ്രസിഡന്‍റിന്‍റെ ഒപ്പില്ലാതെ എഐസിസി കത്ത്

ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 134 വർഷത്തെ ചരിത്രത്തിലാദ്യമായി പ്രസിഡന്‍റിന്‍റെ ഒപ്പില്ലാതെ എഐസിസി കത്ത് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും എഐസിസി നല്‍കിയ കത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഒപ്പ് ഉണ്ടായിരുന്നില്ല. പ്രസിഡന്‍റിന് പകരം എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി. വേണുഗോപാലിന്റെ ഒപ്പാണ് കത്തിൽ ഉണ്ടായിരുന്നത്. രാഹുല്‍ ഗാന്ധി കത്തിൽ ഒപ്പിടാൻ വിസ്സമ്മതിച്ചതോടെയാണ് വേണുഗോപാല്‍ ഒപ്പിട്ടതെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയാണ് നിലവിൽ പ്രസിഡന്‍റെങ്കിലും പാര്‍ട്ടി ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടില്ലെന്ന രാഹുല്‍ഗാന്ധിയുടെ നിലപാട് തുടരുകയാണ്.

ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനമൊഴിയാന്‍ രാഹുല്‍ ഗാന്ധി പലവട്ടം സന്നദ്ധത അറിയിച്ചെങ്കിലും മുതിർന്ന നേതാക്കൾ ഇതിനെ അനുകൂലിച്ചില്ല. എഐസിസി വര്‍ക്കിംഗ് കമ്മിറ്റിയിലും രാഹുല്‍ ഗാന്ധി രാജി തീരുമാനത്തില്‍ ഉറച്ചുനിന്നു. അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവര്‍ രാജി തീരുമാനത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വഴങ്ങിയില്ല. പകരം ആളെ കണ്ടെത്താനാണ് പാര്‍ട്ടിയോട് രാഹുല്‍ നിര്‍ദേശിച്ചത്.

പക്ഷെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരാളെ തിരഞ്ഞെടുക്കാൻ ഇതുവരെ കോണ്‍ഗ്രസിനായിട്ടില്ല. ഇതോടെ കോൺഗ്രസിൽ കനത്ത അരാജകത്വമാണ് നിലനിൽക്കുന്നത്. ഔദ്യോഗിക കത്തുകളിൽ പോലും രാഹുൽ ഗാന്ധി ഒപ്പിടാൻ വിസമ്മതിച്ചതോടെ കോൺഗ്രസിനുള്ളിലെ ഗുരുതര പ്രതിസന്ധിയാണ് മറനീക്കി പുറത്തുവന്നത്.

Related Articles

Latest Articles