ഹൈദരാബാദ്: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ലാന്‍സ് നായിക് സായ് തേജയുടെ കുടുംബത്തിന് ആന്ധ്രപ്രദേശ് സർക്കാർ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. രണ്ട് കുട്ടികളുടേയും വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. മന്ത്രി ആര്‍ രാമചന്ദ്രറെഡ്ഢി സൈനികന്റെ വീട്ടിലെത്തി ചെക്ക് നല്‍കും.
മാത്രമല്ല സായ് തേജയുടെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി വ്യക്തമാക്കി. നാളെ ചിറ്റൂരിലെ സായ് തേജയുടെ വസതിയിലെത്തി മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി അന്ത്യാഞ്ജലി അര്‍പ്പിക്കും.
അതേസമയം സായ് തേജയുടെ സംസ്കാരം നാളെയാണ് നടക്കുക. ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഉച്ചയോടെ സായ് തേജയുടെ മൃതദേഹം ബംഗ്ലൂരുവിലെത്തിച്ചു. യെലഹങ്ക എയര്‍ബേസില്‍ സേനാംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. നാളെ പുലര്‍ച്ചെ ആന്ധ്രയിലെ ചിറ്റൂരിലേക്ക് സൈനികവാഹനത്തില്‍ മൃതദേഹം കൊണ്ടുപോകും.

