Sunday, May 19, 2024
spot_img

അല്ലു അർജുൻ ചിത്രത്തിൽ ഐറ്റം ഡാൻസുമായി സാമന്ത: നടിയുടെ പ്രതിഫലം കേട്ടാൽ ഞെട്ടും

തെന്നിന്ത്യൻ സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ. ചിത്രത്തിലെ ഗാനങ്ങൾക്കും പോസ്റ്ററുകൾക്കും വലിയ പിന്തുണയാണ് ലഭിച്ചത്. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ വൈറലാവുന്നത് ചിത്രത്തിലെ ​പുതിയ ​ഗാനത്തിന്റെ ലിറിക്സ് വിഡിയോ ആണ്.

ഓ ആണ്ടവാ എന്നു തുടങ്ങുന്ന ഗാനത്തിന് ​സൂപ്പർനായിക സാമന്തയാണ് ചുവടുവയ്ക്കുന്നത്. സാമന്തയുടെ ഡാൻസ് സ്റ്റിൽസിനൊപ്പമാണ് ലിറിക്കൽ വിഡിയോ. എന്നാൽ ആദ്യമായാണ് സാമന്ത ഒരു ചിത്രത്തിനുവേണ്ടി ഐറ്റം നമ്പർ കളിക്കുന്നത്. അതീവ ​ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്.

അതേസമയം ചിത്രത്തിൽ സാമന്തയ്ക്ക് നൽകിയ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങളും ചർച്ചയാവുന്നുണ്ട്. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ഗാനത്തിന്റെ സം​ഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ചന്ദ്രബോസ് ആണ് രചന. ഇന്ദ്രാവതി ചൗഹാനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ നടി രമ്യാ നമ്പീശനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അല്ലു അർജുന്റെ നായികയായി രശ്മിക മന്ദാനയാണ് എത്തിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടു ഭാ​ഗങ്ങളായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2021 ഡിസംബർ 17നാണ് തിയറ്ററുകളിൽ എത്തുക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്.

Related Articles

Latest Articles