Saturday, May 4, 2024
spot_img

പ്രതിപക്ഷത്തിന് ഐക്യമില്ല; രാജ്യവിരുദ്ധ ശക്തികൾ പറയുന്നത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയുമുൾപ്പെടെയുടെ പ്രതിപക്ഷം ഏറ്റുപാടുന്നു ; പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് നിയുക്ത ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി

ദില്ലി :പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് നിയുക്ത ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി ഇന്ത്യയെന്ന പേരിൽ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തിന് യഥാർഥത്തിൽ ഐക്യമില്ലെന്നും ഇന്ത്യാവിരുദ്ധരായ എല്ലാവരും ജനങ്ങളെപ്പറ്റിക്കാൻ‌ ഇന്ത്യയെന്ന പേരുതന്നെ ഉപയോഗിക്കുകയാണെന്നും അനിൽ ആന്റണി ആഞ്ഞടിച്ചു. ബിജെപി ദേശീയ സെക്രട്ടറിയായി നിയമിതനായതിനു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പ്രതിപക്ഷത്തിന് പൊതുവായ പ്രത്യയശാസ്ത്രമോ നേതാവോ ഇല്ല. എല്ലാവരും ഒരുമിച്ച് വരുന്നതുതന്നെ ലോകത്തിലെ ഏറ്റവും സ്വീകാര്യനായ നേതാവിനെ അധികാരത്തിൽനിന്ന് താഴെയിറക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായാണ്. 26 പാർട്ടികളും കുടുംബാധിപത്യം പിന്തുടരുന്നവാണ്. എല്ലാവർക്കുമെതിരെ കേസുകളുമുണ്ട്. 26 പാർട്ടികൾക്ക് എവിടെയാണ് ഐക്യമുള്ളത്, കേരളത്തിലെ സ്ഥിതിതന്നെ നോക്കൂ. കോൺഗ്രസും സിപിഎമ്മും ഭിന്നസ്വരക്കാരാണ്. അവർ ദില്ലിയിലെത്തുമ്പോൾ ഒരുമിച്ചാണെന്നു പറയുന്നു. എന്താണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് ?

താൻ ന്യൂനപക്ഷങ്ങൾക്കോ ഭൂരിപക്ഷത്തിനോ വേണ്ടിയല്ല, ഇന്ത്യൻ പൗരന്മാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് അധികാരമേറ്റ ദിവസം തന്നെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. 140 കോടി ജനത്തെയും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനായി അദ്ദേഹം പ്രവർത്തിച്ചുവരികയാണ്. ക്രൈസ്തവ ജനതയ്ക്കും അദ്ദേഹത്തിൽ പൂർണ വിശ്വാസമുണ്ട്. കഴിഞ്ഞ തവണ കേരളത്തിൽ വന്നപ്പോൾ അദ്ദേഹം സഭാധ്യക്ഷന്മാരോട് സംസാരിച്ചിരുന്നു.

മണിപ്പുരിൽ നടന്നുകൊണ്ടിരിക്കുന്നത് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. നിർഭാഗ്യവശാൽ വിദേശത്തുനിന്നുപോലുമുള്ള ചില രാജ്യവിരുദ്ധ ശക്തികൾ ഇതിന് കരുത്തുപകരുന്നുണ്ട്. രാജ്യവിരുദ്ധ ശക്തികൾ പറയുന്നത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയുമുൾപ്പെടെയുടെ പ്രതിപക്ഷം ഏറ്റുപാടുകയാണ്. അവരുടെ ഉപകരണമായി പ്രതിപക്ഷം മാറുന്നു. മണിപ്പുരിൽ സംഭവിക്കുന്ന കാര്യങ്ങളല്ല, തെറ്റായ പ്രചാരണമാണ് അവർ നടത്തുന്നത്. ജനങ്ങൾക്ക് സത്യം മനസ്സിലാകും. അവിടെ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ഉടന്‍തന്നെ സ്ഥിതിഗതികൾ സാധാരണമാവും. പ്രതിപക്ഷം അവിടെയെത്തുമ്പോൾ അവർക്ക് സത്യം മനസ്സിലാകും. സത്യം മനസ്സിലായാലും അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും “- അനിൽ കൂട്ടിച്ചേർത്തു.

Related Articles

Latest Articles