Saturday, January 10, 2026

കോൺഗ്രസിന് തലവേദനയായി അനിൽ ആന്റണി ! ‘അടുത്തവർഷത്തെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച അവസരം’

ദില്ലി : കോൺഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണിയുടെ മകനും കോണ്‍ഗ്രസ് ഡിജിറ്റല്‍ വിഭാഗം മുന്‍ മേധാവിയുമായിരുന്ന അനിൽ ആന്റണി. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച അവസരമാണെന്നായിരുന്നു അനില്‍ ട്വീറ്റ് ചെയ്തത്.

തൊട്ട് പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ, അനിൽ ബിജെപിയിലേക്ക് ചേക്കേറുമോ എന്ന ചർച്ചകൾക്ക് ചൂടേറുകയാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമർശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ അതി രൂക്ഷമായാണ് വിമര്‍ശിച്ചത്. ‘സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിതാ നേതാവാണ് സ്മൃതി ഇറാനിയെന്നാണ് അനില്‍ അഭിപ്രായപ്പെട്ടത്.

കോണ്‍ഗ്രസ് ഏതാനും ചിലരെ മാത്രം വളര്‍ത്തുന്നു. സ്മൃതിയെപ്പോലുള്ളവരെ അവഹേളിക്കുന്നതാണോ കോണ്‍ഗ്രസ് നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണമെന്നാണ് അനിൽ ചോദിച്ചത്. ശ്രീനിവാസിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച അനില്‍, കോണ്‍ഗ്രസ് നേതാക്കളെ സംസ്കാരമില്ലാത്തവരെന്ന് തുറന്നടിച്ചു . കര്‍ണാടകയിലുടനീളം മറ്റ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിനുകൾ നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ദില്ലിയിൽ തമ്പടിച്ചിരിക്കുകയാണെന്നും അനിൽ ആരോപിച്ചു.

Related Articles

Latest Articles