Thursday, December 18, 2025

ഭക്ഷ്യവിഷബാധയേറ്റ അഞ്ജുശ്രീയുടെ മരണം;ആന്തരികാവയവങ്ങളിൽ ഗുരുതര അണുബാധ മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്

കാസർഗോഡ് : കാസർഗോഡ് ഭക്ഷ്യവിഷബാധയേറ്റു യുവതി മരിച്ച സംഭവത്തിൽ ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര അണുബാധയാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. ഡിഎംഒയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. ഹോട്ടലിന്റെ ലൈസൻസ് ആരോഗ്യവകുപ്പ് റദ്ദാക്കി. അൽ–റൊമാൻസിയ ഹോട്ടലിന്റെ ഫ്രീസർ വൃത്തിഹീനമെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

കാസർഗോഡ് തലക്ലായിൽ കുഴിമന്തിയിൽ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പെരുമ്പള ബേനൂരിലെ കുമാരൻ നായരുടെ മകൾ അഞ്ജുശ്രീ (19) പാർവതിയാണ് മരിച്ചത്. സംഭവത്തിൽ ഹോട്ടല്‍ ഉടമയടക്കം മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണറോട് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു.

ഡിസംബർ 31 ന് ഉച്ചയോടെ അട്കത്ത്ബയലിലെ അൽറോമാൻസിയ ഹോട്ടലിൽ നിന്നാണ് ഓൺലൈനായി കുഴിമന്തി വാങ്ങിയത്. ദേഹാസ്വാസ്ഥ്യം തോന്നിയ അഞ്ജുശ്രീയും കുടുംബാംഗങ്ങളും ചികിത്സ തേടിയിരുന്നു. രാവിലെ മംഗളൂരുവിലെ ആശുപത്രിയിൽ അഞ്ജുശ്രീ മരണപ്പെടുകയായിരുന്നു.

Related Articles

Latest Articles