കർണ്ണാടക അങ്കോള മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുനയുള്ള തെരച്ചിൽ വീണ്ടും പുനരാരംഭിച്ചു. മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ഒരു മണിക്കൂർ തെരച്ചിൽ താത്കാലികമായി നിർത്തി വച്ചിരുന്നു. കൂടാതെ, ഗംഗാവതി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി മാറിയിരുന്നു.
നാവികസേനയുടെ എട്ടംഗസംഘം ഇപ്പോൾ സംഭവ സ്ഥലത്ത് എത്തിയിരിക്കുകയാണ്. നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. ഡൈവർമാർ ഹെലികോപ്റ്ററുകൾ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കുമെന്നാണ് സൂചന. അതേസമയം, രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നും അധികൃതർ ഹൈവേ തടസം നീക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അർജ്ജുനെ രക്ഷിക്കാനുള്ള അപേക്ഷകൾ ചെവിക്കൊള്ളുന്നില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. എന്നാൽ കർണ്ണാടക മുഖ്യമന്ത്രി അടക്കം പ്രശ്നത്തിൽ ഇടപെടുന്നുണ്ടെന്നും പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ടെന്നും കർണ്ണാടക അധികൃതർ അറിയിക്കുന്നു.
മണ്ണിടിച്ചിൽ ഇപ്പോഴും തുടരുന്നു എന്നതാണ് രക്ഷാ പ്രവർത്തകർക്ക് മുന്നിലെ തടസ്സം. അർജ്ജുൻ കുടുങ്ങിക്കിടക്കുന്നിടത്തെ മണ്ണുനീക്കിയാൽ കൂടുതൽ മണ്ണിടിയാനും സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തക സംഘം പറയുന്നു. അർജ്ജുനും അദ്ദേഹം ഓടിച്ചിരുന്ന ലോറിയും മണ്ണിനടിയിൽപ്പെട്ടിട്ട് നാല് ദിവസമായെന്നാണ് സൂചന. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ലോറിയുടെ എഞ്ചിൻ ഇന്നലെവരെ പ്രവർത്തിച്ചിരുന്നതായി ഭാരത് ബെൻസ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെയും വീട്ടുകാർ ബന്ധപ്പെട്ടപ്പോൾ അർജ്ജുന്റെ ഫോൺ റിംഗ് ചെയ്തിരുന്നു.

