Sunday, November 15, 2026

സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ് ! CBI ഉദ്യോഗസ്ഥൻ ചമഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിനിയിൽ നിന്ന് തട്ടിയടുത്തത് 1.86 കോടി രൂപ!! പോലീസ് അന്വേഷണം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: CBI ഉദ്യോഗസ്ഥൻ ചമഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് 1.86 കോടി രൂപ തട്ടിയെടുത്തതായി പരാതി. ഈ മാസം ഒന്നാം തീയതി ഫോണിലേക്ക് വന്ന കോളിലൂടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്.സിബിഐയുടെ ഓഫീസില്‍നിന്നാണെന്നു പറഞ്ഞ് ഫോണ്‍ വന്നത്. ഫോണിന്റെ മറുതലയ്ക്കൽ ഉള്ളയാൾ വീട്ടമ്മയുടെ പേരും, കുടുംബവിവരങ്ങളും പറയുകയും ശേഷം വാട്ട്സ്‌ആപ്പില്‍ വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വീഡിയോ കോളില്‍ വീട്ടമ്മയോട് സിബിഐയുടെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ സംസാരിച്ചു. ഇയാൾ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ പറയുകയും മുംബൈയിലുള്ള ബാങ്കില്‍ വീട്ടമ്മയുടെ അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, അറസ്റ്റ് വാറണ്ട് ഉണ്ടെന്നും ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.വ്യാജ അറസ്റ്റ് വാറണ്ട് വീഡിയോ കോളില്‍ കാണിച്ചതോടെ പരിഭ്രാന്തയായ വീട്ടമ്മയോട് ഇതില്‍നിന്നും ഒഴിവാകണമെങ്കില്‍ പണം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ഈ കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ വിദേശത്തുള്ള മക്കളുടെ ജോലി കളയുമെന്നും ഇവരെ ഭീഷണിപ്പെടുത്തി.

പലതവണകളായി 1,86,62,000 രൂപ ഇവര്‍ പറഞ്ഞ അക്കൗണ്ടുകളിലേക്ക് വീട്ടമ്മ അയച്ചുകൊടുത്തു. പണം കൈമാറിയതിനുശേഷം അവരെ ബന്ധപ്പെടാന്‍ കഴിയാതിരുന്നപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് വീട്ടമ്മ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related Articles

Latest Articles