ദില്ലി: ഗോവയിലേക്ക് വരികയായിരുന്ന ചാർട്ടേർഡ് വിമാനത്തിന് വീണ്ടും ബോംബ് ഭീഷണി. അസൂർ എയറിന്റെ വിമാനത്തിനാണ് സുരക്ഷാ ഭീഷണി. പതിനൊന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇതേ എയർലൈൻ വിമാനത്തിന് ബോംബ് ഭീഷണി ലഭിക്കുന്നത്. രണ്ട് കൈക്കുഞ്ഞുങ്ങൾ അടക്കം 238 യാത്രികരുമായി റഷ്യയുടെ പേം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനം പാകിസ്ഥാന്റെ വ്യോമാതിർത്തിക്കുള്ളിൽ പറക്കുമ്പോഴാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് വിമാനം പാകിസ്ഥാനിൽ ഇറക്കാതെ ഉസ്‌ബെക്കിസ്ഥാനിൽ ഇറക്കുകയായിരുന്നു. അഫ്‌ഗാൻ അതിർത്തിയോട് ചേർന്നുള്ള വിമാനത്താവളത്തിലാണ് വിമാനം ഇപ്പോൾ ഉള്ളത്. യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തുകയാണ്. മുഴുവൻ യാത്രികരും സുരക്ഷിതരാണെന്ന് വ്യോമയാന മന്ത്രാലയം അറിയിക്കുന്നു.
റഷ്യയിൽ നിന്ന് വിനോദ സഞ്ചാരികൾ ഗോവ സന്ദർശിക്കുന്ന സമയമായതിനാൽ തുടർച്ചയായി ലഭിക്കുന്ന ഭീഷണി സന്ദേശങ്ങളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. 236 യാത്രികരും 8 ജീവനക്കാരുമായി വരികയായിരുന്ന ഇതേ എയർലൈൻസിന്റെ മറ്റൊരു വിമാനത്തിന് ദിവസങ്ങൾക്ക് മുന്നേ ഭീഷണി ലഭിച്ചിരുന്നു. അന്ന് വിമാനം ഇന്ത്യൻ അതിർത്തിക്കുള്ളിലായിരുന്നു. തുടർന്ന് ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തിയാണ് പരിശോധന നടത്തി യാത്ര തുടർന്നത്.

