Tuesday, November 3, 2026

വീണ്ടുമൊരു സെപ്റ്റംബർ 27 ! ഓർമ്മകളിൽ നിറഞ്ഞു നിന്ന് കല്ലേൻ പൊക്കുടൻ; കണ്ടൽ വനങ്ങളുടെ സം‌രക്ഷണത്തിനായി നിരന്തരം യത്നിച്ച കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി സ്‌നേഹി ഓർമ്മയായിട്ട് എട്ട് വർഷങ്ങൾ

പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സം‌രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷ്യത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന പരിസ്ഥിതി പ്രവർത്തകൻ കല്ലേൻ പൊക്കുടൻ ഓർമ്മയായിട്ട് ഇന്ന് എട്ട് വർഷം.1937 ൽ ജനിച്ച കല്ലേൻ പൊക്കുടൻ 2015 സെപ്റ്റംബർ 27നാണ് അന്തരിക്കുന്നത്. യുനെസ്കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സം‌രക്ഷണത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്ന അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് എൺപതുകളുടെ അവസാനത്തിൽ പരിസ്ഥിതി പ്രവർത്തനത്തിൽ ശ്രദ്ധയൂന്നി. കണ്ടൽ മരങ്ങൾ വച്ച് പിടിപ്പിച്ച് ലോകശ്രദ്ധതന്നെ നേടി.

ആദിവാസി-ദളിതുകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ തുറന്നുകാട്ടിക്കൊണ്ട് 2013ൽ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിൽ കരിയൻ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് 2015ൽ അന്തരിച്ചു.

കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ ഗ്രാമത്തിലാണ് അദ്ദേഹം ജനിക്കുന്നത്. പതിനെട്ടാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. പാർട്ടി പിളർന്നപ്പോൾ സിപിഎ(എം.) ന്റെ പ്രവർത്തകനായി. കർഷക സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. കൃഷിക്കാർക്ക് വേണ്ടി എ.കെ. ഗോപാലൻ ഡൽഹിയിൽ ജയിൽ നിറക്കൽ സമരം നടത്തുന്നതിന്റെ ഭാഗമായുള്ള സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ 15 ദിവസം കിടന്നു.. 1968-69-ലെ ഏഴോം കർഷകത്തൊഴിലാളി സമരം സംഘർഷാവസ്ഥയിലെത്തിയപ്പോൾ ജന്മിമാരുടെ ഒരു വാടകഗുണ്ട മരിച്ച സംഭവത്തിൽ പ്രതിയായി റിമാന്റിലും പിന്നീട് ഒളിവിലും കഴിയേണ്ടിവന്നു. പിന്നീട് സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിന്നു. ചിറക്കൽ പുലയാ മിഷൻ വരുന്നതോടെ പുലയർക്കിടയിൽ ക്രിസ്തുമതത്തിനു സ്വാധീനമുണ്ടായി. അവർ ഒന്നടങ്കം ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ഒരു മതത്തിന്റെ പേരിലുള്ള നുകം മറ്റൊരു മതത്തിന്റെ പേരിൽ വച്ചുകെട്ടിയാൽ പ്രശ്നങ്ങൾ തീരില്ല, എന്നു പറഞ്ഞ് പൊക്കുടൻ ക്രിസ്തുമതം സ്വീകരിക്കാൻ തയ്യാറായില്ല.

സ്കൂളിലേക്ക് പോകുന്ന കുട്ടികൾ പാടത്തിന്റെ വശങ്ങളിലുള്ള വഴിയിലൂടെ സഞ്ചരിക്കുമ്പോൾ കാറ്റ് ശക്തിയായി വീശുന്നതു കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. മാത്രവുമല്ല മഴക്കാലത്ത് പുഴയിലെ തിരകൾ ശക്തികൂടി വരമ്പിലിടിച്ച് ഈ വഴി തകരുന്നതും പതിവായിരുന്നു. ഇതിന് ഒരു പരിഹാരമെന്ന തരത്തിലാണ്‌ പൊക്കുടൻ ആദ്യമായി കണ്ടൽചെടികൾ വച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. ചെടികൾ വളർന്നു വന്നതോടെ അതൊരു പുതിയ കാഴ്ചയായിത്തീർന്നു.

അഞ്ഞൂറു കണ്ടൽച്ചെടി നട്ടാണു പൊക്കുടൻ പരിസ്ഥിതിപ്രവർത്തനം തുടങ്ങിയത്. 1989ൽ പഴയങ്ങാടി– മുട്ടുകണ്ടി ബണ്ടിന്റെ കരയിലായിരുന്നു തുടക്കം. കത്തുന്ന വെയിലിൽ അലഞ്ഞുനടന്നു കണ്ടൽ വിത്തുകൾ ശേഖരിക്കും. ബണ്ടിനരികിൽ കൊണ്ടുവന്നു നടും പിന്നെയുള്ള ദിവസങ്ങളിൽ പലവട്ടം ഇതുവഴി നടക്കും. മുളച്ചുപൊന്തുന്ന ചെടികളിൽ ഒരെണ്ണം ചാഞ്ഞാലോ ചരിഞ്ഞാലോ ഉടൻ അതു നേരെയാക്കാൻ മുണ്ടുംകുത്തി പുഴയിലിറങ്ങും. മുന്നു നാലു വർഷം കൊണ്ടു ഈ ചെടികൾ വളർന്നുതുടങ്ങി. ചെടികളുടെ എണ്ണം ആയിരത്തിലും പതിനായിരത്തിലുമെത്തി.. കണ്ടൽ വളരുന്നതിനൊപ്പം പൊക്കുടന്റെ പേരും വളർന്നു. കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽത്തൈകളാണു പൊക്കുടൻ നട്ടത്. കണ്ടലിനെക്കുറിച്ചറിയാൻ വിദേശരാജ്യങ്ങളിൽ നിന്നുപോലും പരിസ്ഥിതിപ്രവർത്തകരും ഗവേഷകരും പൊക്കുടനെത്തേടിവന്നു. പൊക്കുടനെത്തേടി ഒട്ടേറെ പുരസ്കാരങ്ങളുമെത്തി. കണ്ടൽക്കാടുകൾ നശിപ്പിക്കുന്നവർക്കെതിരെയും പൊക്കുടൻ രംഗത്തിറങ്ങി. പറശിനിക്കടവിൽ കണ്ടൽക്കാടു വെട്ടി സിപിഎം പാർക്കു നിർമ്മിക്കാനൊരുങ്ങിയപ്പോൾ എതിർത്തു.

സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലും കണ്ടൽസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ക്ലാസെടുക്കാൻ പ്രായാധിക്യം വകവയ്ക്കാതെ അദ്ദേഹം ഓടിയെത്തി. കുട്ടികളുടെ നേതൃത്വത്തിൽ പല പ്രദേശങ്ങളിലും കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതു പൊക്കുടനാണ്.കണ്ടലുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വളരാൻ അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കണ്ടൽ ചെടികൾ വെട്ടിനശിപ്പിക്കുന്നതിൽ പോലും രാഷ്ട്രീയമുണ്ടായിരുന്ന ജില്ലയിൽ കണ്ടൽ വെട്ടുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന കോടതി വിധി സമ്പാദിക്കാനും പൊക്കുടന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർക്കു കഴിഞ്ഞു.

യൂഗോസ്ലാവ്യ,ജർമ്മനി,ഹംഗറി,ശ്രീലങ്ക,നേപ്പാൾ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സർവ്വകലാശാലകളിലും പൊക്കുടന്റെ കണ്ടൽക്കാടുകളെപ്പറ്റി ഗവേഷണപ്രബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്.

കല്ലേൻ പോക്കൂടന്റെ നിർദ്ദേശപ്രകാരം കേന്ദ്ര വനം വകുപ്പ് പഠനം നടത്തുകയും നിരങ്ങിന്റെ മാട് എന്ന പ്രദേശം കേന്ദ്ര റിസർവ് കണ്ടൽ പാർക്ക് ആക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അറുപതതോളം ചെറുതും വലുതുമായ പുരസ്കാരങ്ങൾ ലഭിച്ചു. “എന്റെ രാഷ്ട്രീയ ജീവിതം” ആണ് ആത്മകഥ

Related Articles

Latest Articles