ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകര വേട്ട. അനന്ത്‌നാഗ് ജില്ലയിൽ നിന്ന് രണ്ട് ഹൈബ്രിഡ് ഭീകരരെ സുരക്ഷാ സേന പിടികൂടി. നിരോധിത ഭീകരസംഘടനയായ അൻസാർ ഗസ്വത് ഉൽ ഹിന്ദുമായി അടുത്തബന്ധമുള്ള ഭീകരരാണ് സുരക്ഷാ സേനയുടെ സംയുക്തസംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി. രണ്ട് പിസ്റ്റളുകളും രണ്ട് മാഗസിനുകളും 15 ബുള്ളറ്റുകളുമാണ് കണ്ടെടുത്തത്.
ഭീകര നീക്കത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്. വാഗ്മ-ഓപ്ജാൻ റോഡിൽ സൈന്യവുമായി ചേർന്ന് സംയുക്തമായി പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ആയുധങ്ങളുമായി ഭീകരരെ കണ്ടെത്തിയത്. വാഗ്മ ബിജ്ബെഹറയിൽ താമസിക്കുന്ന തൻവീർ അഹമ്മദ് ഭട്ടും മിഡോറ ത്രാലിൽ താമസിക്കുന്ന തുഫൈൽ അഹമ്മദ് ദാറുമാണ് പിടിയിലായത്.
ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. അതേസമയം, റംബാൻ ജില്ലയിലെ സംഗൽദാൻ, ഗൂൽ വനമേഖലയിലെ ഉയർന്ന പ്രദേശങ്ങളിലെ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തു. ചൈനീസ് പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.

