Sunday, May 5, 2024
spot_img

സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം; ഉന്നതതല ഉദ്യോ​ഗസ്ഥ സംഘത്തിന്റെ പരിശോധനക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ഇന്ന് മുതൽ പരിശോധിക്കും. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധനയാണ് ഇന്ന് തുടങ്ങുക. മുഖ്യമന്ത്രി നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്നത്തെ പരിശോധന.

നാല് ഐ എ എസ് ഉദ്യോഗസ്ഥർ, എട്ട് ചീഫ് എൻജിനീയർമാർ, സൂപ്രണ്ടിങ് എൻജിനീയർമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. റോഡുകളുടെ ഗുണനിലവാരം വളരെയധികം ചർച്ചയായ സാഹചര്യത്തിലാണ് ഇത്തരമൊരു പരിശോധന നടത്തുന്നത്.

14 ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവൃത്തിയുടെയും പുരോഗതി സംഘം വിലയിരുത്തും. കൂടാതെ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. പൊതുമരാമത്ത് വകുപ്പിന് നേരെ നിരവധി പരാതികൾ ഉയർന്നിരുന്നു. റോഡുകൾ അപകടമുണ്ടക്കുന്നത് മൂലം നിരവധി ജീവൻ പൊലിയേണ്ട അവസ്ഥ വന്നിരുന്നു. അതിനാൽ തന്നെ ഇപ്പോൾ നടത്തുന്ന ഈ പരിശോധന നിർണ്ണായകമാണ്.

Related Articles

Latest Articles