Monday, June 17, 2024
spot_img

അഗ്നി ചിറകിലേറിയ സ്മരണകൾക്ക് ഇന്ന് ഏഴാണ്ട് ;ജനകീയനായ രാഷ്ട്രപതിയുടെ ഓർമ്മയിൽ ഭാരതം

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾകലാം ഓർമ്മയായിട്ട് ഇന്നേക്ക് 7 വർഷം. സാങ്കേതിക മുന്നേറ്റത്തിലൂടെ രാഷ്‌ട്രത്തെ ശക്തമാക്കിയ മിസൈല്‍മാനായിരുന്നു അവുല്‍ പക്കീര്‍ ജൈനുലാബ്‍ദീന്‍ അബ്ദുള്‍ കലാം എന്ന എപിജെ അബ്ദുല്‍ കലാം‍. അദ്ദേഹത്തിന്റെ മുഖമുദ്ര തന്നെ ലാളിത്യമായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരില്‍ ഒരാള്‍… ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരില്‍ ഒരാള്‍ കൂടിയായിരുന്നു. മാത്രമല്ല കലാമിന്റെ ജീവിതത്തില്‍ നിറഞ്ഞുനില്ക്കുന്ന വാക്കാണ് സ്വപ്നം. ഉറക്കത്തില്‍ കാണുകയും ഉണരുമ്പോള്‍ മാഞ്ഞുപോവുകയും ചെയ്യുന്ന വെറുമൊരു പരിമിതാര്‍ത്ഥത്തിലല്ല ഉറങ്ങാന്‍ അനുവദിക്കാത്തതരത്തില്‍ നമ്മെ വേട്ടയാടുന്നതെന്തോ അതാണ് യഥാര്‍ത്ഥ സ്വപ്നമെന്നാണ് അബ്ദുള്‍ കലാം ലോകത്തോട് വിളിച്ചുപറഞ്ഞത്.

സ്വപ്നത്തിന് നല്കിയ ഈ പുതിയ നിര്‍വചനമാണ്, സ്വപ്നം കാണാനും സ്വപ്നം സാക്ഷാത്ക്കരിക്കാനുമുള്ള പരിശ്രമങ്ങളാണ് തമിഴ്‌നാട്ടിലെ രാമേശ്വരത്തെ ഒരു ദരിദ്രനായ ബാലനെ ലോകമെങ്ങും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ രാഷ്ട്രപതിയുമാക്കിത്തീര്‍ത്തത്. ലോകത്തെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചവയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും അദ്ദേഹം എഴുതിയ പുസ്തകങ്ങളും. അഗ്നിചിറകുകളും ജ്വലിക്കുന്ന മനസ്സുകളും അത്തരത്തിലുള്ളവയായിരുന്നു. ഏതു പ്രതിസന്ധിയിലും സംയമനം കൈവിടാത്ത കലാം കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഏറെ പ്രചോദനമായിരുന്നു.

എക്കാലത്തെയും ജനകീയ രാഷ്‌ട്രപതിയായിരുന്ന അദ്ദേഹം 1931 ഒക്ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്. സാമ്പത്തിക പരാധീനതകളെ തരണം ചെയ്ത് മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടി. ബഹിരാകാശ എന്‍ജിനീയറിംഗ് പഠനശേഷം ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞനായി. വൈകാതെ അവിടെ നിന്നും ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒയിലേയ്ക്ക്…

വിക്രം സാരാഭായി വിഭാവനം ചെയ്ത ദശവത്സര പദ്ധതിയിലൂടെ ഇന്ത്യന്‍ ബഹിരാകാശ സ്ഥാപനത്തെ മുന്‍നിരയിലെത്തിക്കാന്‍ എ.പിജെ അബ്ദുള്‍ കലാമിന് കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള ഹ്രസ്വ, ദീര്‍ഘദൂര മിസൈലുകള്‍ കൊണ്ട് മൂന്ന് സേനകളെയും ആധുനികവല്‍ക്കരിച്ച കലാം ഇന്ത്യയുടെ മിസൈല്‍മാന്‍ എന്നറിയപ്പെട്ടു, ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും അബ്ദുള്‍കലാം വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കി. അഗ്‌നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവ്.

അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളെ വെട്ടിച്ച് പൊഖ്റാന്‍-2 അണു ബോംബ് പരീക്ഷണത്തിലൂടെ 1998 മേയില്‍ ഇന്ത്യയെ ആറാമത്തെ ആണവായുധ രാഷ്‌ട്രമാക്കാന്‍ നേതൃത്വം നല്‍കി. തന്റെ ജീവിതം രാഷ്‌ട്രത്തിനായി സമര്‍പ്പിച്ച ബ്രഹ്മചാരിയെ രാജ്യം ക്രമേണ പത്മഭൂഷനും, പത്മവിഭൂഷനും, പരമോന്നത ബഹുമതിയായ ഭാരതരത്നയും നല്‍കി ആദരിച്ചു. ഒടുവില്‍ പ്രഥമ പൗരനായി രാഷ്‌ട്രപതി ഭവനിലേക്ക്. സംസ്ഥാന ഗവര്‍ണ്ണര്‍മാരുമായും പാര്‍ലമെന്റേറിയന്‍മാരുമായും ബ്രേക്ക്ഫാസ്റ്റ് മീറ്റിങ്ങുകളിലൂടെ ഓരോ സംസ്ഥാനങ്ങളുടെയും പ്രശ്നങ്ങളും സാധ്യതകളും പഠിച്ചു.

2020ഓടെ ഇന്ത്യയെ ഒരു സമ്പൂര്‍ണ്ണ വികസിത രാഷ്‌ട്രമാക്കാന്‍ 500ലധികം വിദഗ്ധരുടെ സഹായത്തോടെ വിഷന്‍ 2020 തയ്യാറാക്കി. കേരളത്തിലുള്‍പ്പെടെ 12 സംസ്ഥാന നിയമ സഭകളിലും പത്തിന കര്‍മ്മപദ്ധതി അവതരിപ്പിച്ചു. രാഷ്ട്രപതിഭവന്റെ പടിയിറങ്ങിയതിനു ശേഷവും അവസാന നിമിഷം വരെ തന്നിലെ ജ്വാല, ഭാവിതലമുറയ്ക്ക് പകര്‍ന്നു നല്‍കിയാണ് കലാം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളെ വെട്ടിച്ച് പൊഖ്‌റാന്‍ 2 അണു ബോംബ് പരീക്ഷണത്തിലൂടെ 1998 മേയില്‍ ഇന്ത്യയെ ആറാമത്തെ ആണവായുധ രാഷ്ട്രമാക്കാന്‍ നേതൃത്വം നല്‍കി. മുപ്പതിലേറെ സര്‍വകലാശാലകളില്‍ നിന്ന് ഓണററി ഡോക്ടറേറ്റും അദ്ദേഹത്തെ തേടിയെത്തി. പത്മഭൂഷനും, പത്മവിഭൂഷനും, രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌നയും നല്‍കി രാജ്യം ആ പ്രതിഭയെ ആദരിച്ചു.

കലാമിനെ പോലെയുള്ള ഒരു പ്രതിഭയുടെ അനിതരസാധാരണമായ കഴിവുകളെ ഒരു അവാര്‍ഡു കൊണ്ടും മാര്‍ക്കിടുവാനാവില്ല. എങ്കിലും ലോകം മുഴുവന്‍ ആ പ്രതിഭാശാലിയെ അംഗീകരിക്കുവാനും ആദരിക്കുവാനും പ്രൗഢമായ അവാര്‍ഡുകള്‍ നല്കി സ്‌നേഹിക്കുവാനും എന്നും സന്നദ്ധമായിരുന്നു. 2015 ജൂലൈ 27 ന് ആയിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞുപോയത്. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ബഥനി ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കലാം ഇന്നും ജ്വലിക്കുന്ന സ്മരണകളില്‍ നമ്മുടെ മനസ്സുകളിലൂടെ ജീവിക്കുന്നു. അനശ്വരനായി.

Related Articles

Latest Articles