കോഴിക്കോട് : പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ നടപടി നേരിട്ട വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന്ന് ഹാജരാകാൻ വീണ്ടും നിർദേശം. സസ്പെൻഷനിലായ എസ്.ഐ എം.നിജേഷ്,എഎസ്ഐ അരുണ്‍കുമാര്‍, സി.പി.ഒ ഗിരീഷ് എന്നിവരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചങ്കിലും മൂന്ന് ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിന്ന് മുൻപിൽ ഹാജരായിരുന്നില്ല. തുടർന്നാണ് വീണ്ടും നിർദേശം നൽകിയത്.
ഉദ്യോഗസ്ഥർ ഇന്ന് ഹാജരായില്ലെങ്കിൽ വീട്ടുകാരോടും ബന്ധുക്കളോടും വിവരങ്ങൾ ചോദിച്ചറിയും. രാവിലെ വടകര സ്റ്റേഷനിൽ ഹാജരാകാനാണ് നിലവിൽ നിർദേശം നൽകിയിട്ടുള്ളത്. ഇന്നലെ സസ്പെൻഷനിലായ സി.പി.ഒ പ്രജീഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പോലീസ് സർജന്‍റെ മൊഴി എടുത്താൽ മതിയെന്ന നിലപാടിലാണ് അന്വേഷണം സംഘം.
സംഭവത്തിൽ ഇന്നലെ വടകര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസുകാരേയും സ്ഥലം മാറ്റിയിരുന്നു. ഒരു പോലീസ്‌കാരനെ കൂടി സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി എടുത്തത്. രണ്ട് പോലീസുകാരെ ഇതിന് മുൻപേ സസ്പെന്‍ഡ് ചെയ്തിരുന്നു. ശേഷം കസ്റ്റഡി മരണത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു.

