Saturday, May 18, 2024
spot_img

‘ആപ്പ് വായ്പ’; ചതിയില്‍ വീഴാതിരിക്കാം, തട്ടിപ്പുകൾക്കെതിരെ പരാതി നൽകാം; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: ആപ്ലിക്കേഷനുകള്‍ വഴി ലോണ്‍ നല്‍കുകയും പിന്നീട് ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ മുന്നറിയുപ്പുമായി കേരള പോലീസ്. നിത്യവും നൂറുകണക്കിന് പേരാണ് ലോൺ ആപ്പുകാരുടെ കെണിയിൽ അകപ്പെടുന്നത്. കോവിഡ് മഹാമാരി വരുത്തിവച്ച തൊഴിൽ നഷ്ടവും സാമ്പത്തിക ദുരിതവും പലരെയും എളുപ്പത്തിൽ ലോൺ കിട്ടുന്ന, ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ ചെന്ന് ചാടാൻ പ്രേരിപ്പിക്കുന്നു.

ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകൾക്ക് 20% മുതൽ 40% വരെയുള്ള കൊള്ളപ്പലിശയും 10 – 25 % പ്രോസസ്സിംഗ് ചാർജ്ജുമാണ് ഈടാക്കുന്നത്. കേവലം ആധാർ കാർഡിന്റെയും പാൻകാർഡിന്റെയും സോഫ്റ്റ് കോപ്പികൾ മാത്രമേ വായ്പ തുക അക്കൗണ്ടിലേക്ക് മാറ്റാൻ വേണ്ടി ഇവർ ആവശ്യപ്പെടുന്നുള്ളൂ.

ഈഎംഐ മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങുകയും ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ ഫോൺ ഉടമ സമ്മതിച്ച ഉറപ്പിൻ പ്രകാരം വായ്പക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങൾ കൈക്കലാക്കി അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക മാത്രമല്ല വിളിച്ചു ശല്യം ചെയ്യുകയും ചെയ്യുന്നു. കൂടാതെ തിരിച്ചടവ് വീഴ്ചക്ക് 1 മുതൽ 3 ശതമാനം വരെ പിഴത്തുക ഈടാക്കുന്നതും ഇവരുടെ മറ്റൊരു തട്ടിപ്പ് രീതിയാണ്.

തട്ടിപ്പിനിരയാവുന്നവർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ യാതൊന്നും ശ്രദ്ധിക്കാതെ വായ്‌പ്പാ ആപ്പുകാർ ആവശ്യപ്പെടുന്ന പെർമിഷനുകൾ നൽകുന്നു. ഇതുവഴി സ്വകര്യ വിവരങ്ങൾ ചോർത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോൺ പോലും വിദൂര നിയന്ത്രണത്തിലാക്കാൻ തട്ടിപ്പുകാർക്ക് അവസരം ലഭിക്കുന്നു. അതിനാൽ ഇത്തരത്തിൽ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വായ്പ എടുക്കുന്നത് ഒഴിവാക്കുക.

ഇത്തരം ലോൺ കമ്പനികൾക്കെതിരെ ധാരാളം പരാതികൾ ഉയർന്ന സാഹചര്യത്തിൽ മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍റര്‍പോള്‍, സി.ബി.ഐ എന്നിവയുടേയും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പോലീസിന്‍റെയും സഹായത്തോടെയാണ് അന്വേഷണം നടത്തുക. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണത്തില്‍ പോലീസിനെ സഹായിക്കും. ഇത്തരം തട്ടിപ്പുകൾക്കെതിരെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിങ്ങൾക്ക് പരാതി അറിയിക്കാവുന്നതാണ്.

Related Articles

Latest Articles