കാലിഫോർണിയ: ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്‌തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇലോൺ മസ്‌കിന്റെ ‘ഗ്രോക്ക്’ എഐ ആപ്പിനെതിരെ ആപ്പിൾ കമ്പനി രംഗത്ത്. ആപ്പ് സ്റ്റോറിന്റെ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഗ്രോക്കിനെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്യുമെന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകി. എൻബിസി ന്യൂസിനെ ഉദ്ധരിച്ച് 9To5Google ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഈ വർഷാദ്യം ഗ്രോക്ക് ആപ്പ് ഉപയോഗിച്ച് പ്രശസ്ത വ്യക്തികളുടെയും സാധാരണക്കാരുടെയും അശ്ലീല ഡീപ്‌ഫേക്കുകൾ വ്യാപകമായി നിർമ്മിക്കപ്പെട്ടത് ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സ്ത്രീകളുടെയും പ്രായപൂർത്തിയാവാത്തവരുടെയും ചിത്രങ്ങൾ ഇത്തരത്തിൽ വികൃതമാക്കപ്പെടുകയും മസ്‌കിന്റെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇവ പ്രചരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ മസ്‌കിനും അദ്ദേഹത്തിന്റെ എക്‌സ്എഐ (xAI) കമ്പനിക്കുമെതിരെ വലിയ നിയമനടപടികൾക്കും ഇത് വഴിവെച്ചു.
വിവാദം കൊഴുത്തതോടെ, ഉള്ളടക്ക നിയന്ത്രണം (Content Moderation) മെച്ചപ്പെടുത്തുന്നതിനുള്ള കൃത്യമായ പദ്ധതികൾ സമർപ്പിക്കാൻ ആപ്പിൾ മസ്‌കിനോട് ആവശ്യപ്പെട്ടു. ഡീപ്‌ഫേക്കുകൾ തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് എക്‌സ്, ഗ്രോക്ക് ആപ്പുകളോട് വിശദീകരണം തേടിയ ആപ്പിൾ, ഇക്കാര്യങ്ങൾ യുഎസ് സെനറ്റർമാരുടെ മുന്നിലും അവതരിപ്പിച്ചു. ആപ്പിൾ കർശന നിലപാട് സ്വീകരിച്ചതോടെ ആപ്പ് സ്റ്റോറിൽ നിന്ന് പുറത്താകുമെന്ന ഭീതിയിലായ കമ്പനി, ഒടുവിൽ ആപ്പുകളിൽ സുരക്ഷാ പരിഷ്‌കാരങ്ങൾ വരുത്താൻ നിർബന്ധിതരായി.
ആദ്യഘട്ടത്തിൽ മസ്‌കിന്റെ കമ്പനി സമർപ്പിച്ച മാറ്റങ്ങളിൽ തൃപ്തരാകാതിരുന്ന ആപ്പിൾ കൂടുതൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന്, യഥാർത്ഥ വ്യക്തികളുടെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ പതിപ്പ് കമ്പനി പുറത്തിറക്കി. ഗ്രോക്കിന്റെ ഇമേജ് ജനറേഷൻ ടൂളുകളിലേക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ആപ്പ് സ്റ്റോറുമായുള്ള തർക്കത്തിന് താൽക്കാലിക പരിഹാരമായത്.

