Wednesday, October 14, 2026

ഹോർമുസ് പ്രതിസന്ധി വിഴിഞ്ഞത്തിന് അനുഗ്രഹം; ബെർത്തിനായി നൂറോളം കപ്പലുകൾ വരിയിൽ!

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യാന്തര ഷിപ്പിങ് ഭൂപടത്തിൽ വിഴിഞ്ഞം തുറമുഖം നിർണ്ണായക കേന്ദ്രമാകുന്നു. ദുബായ് തുറമുഖത്തേക്ക് പോകാൻ കഴിയാത്ത എട്ട് പ്രമുഖ ഷിപ്പിങ് കമ്പനികളുടെ നൂറോളം കപ്പലുകളാണ് വിഴിഞ്ഞത്ത് ബെർത്ത് സൗകര്യത്തിനായി അനുമതി തേടിയിരിക്കുന്നത്. രാജ്യാന്തര കപ്പൽ ചാലിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണെന്നതാണ് വിഴിഞ്ഞത്തെ കപ്പൽ കമ്പനികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റുന്നത്.

വിഴിഞ്ഞത്തിന് മുന്നിൽ വലിയ അവസരങ്ങൾ തുറക്കപ്പെട്ടെങ്കിലും, സ്ഥലക്കുറവ് മൂലം ഈ സുവർണ്ണാവസരം പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണ് തുറമുഖം. നിലവിൽ വിഴിഞ്ഞത്തുള്ള 800 മീറ്റർ ബെർത്തും 36,000 ടിഇയു (TEU) യാർഡും പൂർണ്ണമായും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. യൂറോപ്പ്, തെക്കേ അമേരിക്ക, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾ തുടർച്ചയായി എത്തുന്നതിനാൽ ഒരു മണിക്കൂർ പോലും ബെർത്ത് ഒഴിഞ്ഞുകിടക്കുന്നില്ല.

നിലവിലുള്ള ബെർത്ത് സൗകര്യം പ്രമുഖ കമ്പനിയായ എംഎസ്‍സി (MSC) നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. അതിനാൽ ഹ്യൂണ്ടായ് ഉൾപ്പെടെയുള്ള മറ്റ് മുൻനിര കമ്പനികൾ മദർഷിപ്പുകൾ അടുപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടും അനുമതി നൽകാൻ അധികൃതർക്ക് കഴിയുന്നില്ല. നിലവിലെ സാഹചര്യത്തിൽ പരമാവധി രണ്ട് മദർഷിപ്പുകൾ അല്ലെങ്കിൽ നാല് ഫീഡർ കപ്പലുകൾ മാത്രമേ ഒരേസമയം ഇവിടെ അടുപ്പിക്കാൻ സാധിക്കൂ.

തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം പൂർത്തിയായിരുന്നെങ്കിൽ പശ്ചിമേഷ്യൻ പ്രതിസന്ധി വിഴിഞ്ഞത്തിന് കോടിക്കണക്കിന് രൂപയുടെ ബിസിനസ് നേടിത്തരുമായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 10,000 കോടി രൂപ ചെലവഴിച്ചാണ് അദാനി ഗ്രൂപ്പ് അടുത്ത ഘട്ട വികസനം നടത്തുന്നത്.

മുംബൈ, മുന്ദ്ര തുറമുഖങ്ങളിലേക്ക് പോകാൻ മണിക്കൂറുകളുടെ അധിക യാത്ര വേണ്ടിവരുമെന്നതിനാൽ ഷിപ്പിങ് കമ്പനികൾക്ക് വിഴിഞ്ഞമാണ് ഏറ്റവും ലാഭകരം. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 13 ലക്ഷം കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം കൈകാര്യം ചെയ്തത്.

Related Articles

Latest Articles