Sunday, May 19, 2024
spot_img

പ്രിയാ വർഗീസിന്റെ നിയമനം; ഹൈക്കോടതി വിധി ഒരുപരിധി വരെ തെറ്റെന്ന് വാക്കാൽ നിരീക്ഷിച്ച് സുപ്രീം കോടതി ; നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കും !

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചതു ശരിവച്ച കേരള ഹൈക്കോടതിയുടെ വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി, കെ.വി.വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികൾ പരിഗണിച്ചത്. ഹൈക്കോടതി വിധിക്കെതിരെ യുജിസിയും നിയമന പട്ടികയിലുണ്ടായിരുന്ന ചങ്ങനാശേരി എസ്ബി കോളജ് മലയാളവിഭാഗം മേധാവി ഡോ. ജോസഫ് സ്‌കറിയയും നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി നോട്ടിസ് അയച്ചു. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ പ്രിയാ വര്‍ഗീസിന് 6 ആഴ്ചത്തെ സമയവും സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്.

അദ്ധ്യാപന പരിചയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു ഹൈക്കോടതി വിധി ഒരു പരിധി വരെ തെറ്റാണെന്ന് സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചത്. എന്നാൽ നിയമനത്തിൽ തൽക്കാലം ഇടപെടുന്നില്ലെന്നും നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോഷ്യേറ്റ് പ്രഫസർ നിയമത്തിനുള്ള പട്ടികയിൽ പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയത് യുജിസി ചട്ടപ്രകാരമല്ലെന്നു ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ആദ്യം വിധിച്ചിരുന്നു. പിന്നീട് ഇതു റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ച് പ്രിയയ്ക്ക് അനുകൂല വിധി നൽകിയത്. പിന്നാലെ ഈ മാസം 12 ന് കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം പാലാത്തടത്തെ ഡോ. പി.കെ.രാജൻ സ്മാരക ക്യാംപസിൽ മലയാളം അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസ് ചുമതലയേറ്റിരുന്നു.

Related Articles

Latest Articles