Monday, May 13, 2024
spot_img

ആറന്മുള വള്ളസദ്യ നാളെ മുതല്‍; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ മുഖ്യ അതിഥിയായി എത്തുന്ന ചടങ്ങിൽ എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ഉദ്ഘാടനം നിർവ്വഹിക്കും

പത്തനംതിട്ട: ആറന്മുളയില്‍ പള്ളിയോടങ്ങള്‍ക്കുള്ള വഴിപാട് വള്ളസദ്യകളുടെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ മുഖ്യ അതിഥിയായിരിക്കും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പള്ളിയോട സേവാസംഘം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ആദ്യ ദിവസം ഏഴു പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ നടക്കുന്നത്. വെണ്‍പാല, ഇടനാട്, മല്ലപ്പുഴശേരി, തെക്കേമുറി, തെക്കേമുറികിഴക്ക്, പുന്നംതോട്ടം, മാരാമണ്‍ എന്നീ പള്ളിയോടങ്ങള്‍ക്കാണ് ആദ്യ ദിനം വള്ളസദ്യ.പമ്പയിലെ ജലനിരപ്പുയര്‍ന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. റെഡ് അലര്‍ട്ട് ഒഴിവായെങ്കിലും ജലനിരപ്പ് ഉയര്‍ന്നു തന്നെ തുടരുന്ന സാഹചര്യം ജില്ലാ ദുരന്ത നിവാരണ വിഭാഗം നിരീക്ഷിച്ചു വരികയാണ്.

അതേസമയം, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഇന്നലെ സത്രക്കടവില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്ന് പള്ളിയോട സേവാസംഘം ഭാരവാഹികളും വിവിധ വകുപ്പ് തലവന്മാരെയും ഉള്‍പ്പെടുത്തി ഓണ്‍ലൈനായി അടിയന്തര യോഗം ചേര്‍ന്നു. സുരക്ഷയ്ക്കുള്ള ബോട്ടുകള്‍, യമഹ എന്‍ജിന്‍ ഘടിപ്പിച്ച വള്ളം എന്നിവ പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പള്ളിയോട സേവാസംഘം സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. പള്ളിയോടങ്ങളില്‍ കൂടുതല്‍ സുരക്ഷയ്ക്കായി ലൈഫ് ബോയകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles