ഇടുക്കി: മിഷൻ അരിക്കൊമ്പൻ വിജയകരമായി അവസാനിച്ചതോടെ, ചിന്നക്കനാൽ വിടാനൊരുങ്ങി കുംങ്കി ആനകൾ. ഏകദേശം 40 ദിവസത്തോളമാണ് ചിന്നക്കനാൽ മേഖലയിൽ കുംങ്കി ആനകൾ താമസിച്ചത്. അരിക്കൊമ്പനെ ലോറിയിൽ കയറ്റുന്നത് വരെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ചിന്നക്കനാലിൽ നിന്നും കുംങ്കി ആനകൾ മടങ്ങുന്നത്. മുത്തങ്ങയിലേക്കാണ് കുംങ്കി ആനകളെ മാറ്റുക.
കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം, സൂര്യൻ തുടങ്ങിയ കുംങ്കി ആനകളെയാണ് ഒരു മാസം മുൻപ് ചിന്നക്കനാലിലേക്ക് എത്തിച്ചത്. അരിക്കൊമ്പന്റെ ശൗര്യത്തിന് മുന്നിൽ നേരിയ തോതിൽ കുംങ്കി ആനകൾ പതറിയെങ്കിലും, പിന്നീട് മിഷൻ അരിക്കൊമ്പൻ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ദൗത്യത്തിനിടയിൽ അരിക്കൊമ്പന്റെ കുത്തേറ്റ് കുംങ്കി ആനകൾക്ക് പരിക്കേറ്റിട്ടുണ്ട്.
മുത്തങ്ങയിൽ എത്തിച്ചതിനുശേഷം കുംങ്കി ആനകൾക്ക് ആവശ്യമായ ചികിത്സ നൽകുന്നതാണ്. മാർച്ച് 24- നാണ് ആദ്യ കുംങ്കി ആനയായ വിക്രമിനെ ചിന്നക്കനാലിലേക്ക് എത്തിച്ചത്. തുടർന്ന് മറ്റ് മൂന്ന് താപ്പാനകളെ കൂടി എത്തിക്കുകയായിരുന്നു. ചിന്നക്കനാൽ മേഖലയിലെ ജനജീവിതത്തെ പഴയ നിലയിലാക്കാൻ സഹായിച്ച കുംങ്കി ആനകൾക്കും പാപ്പാന്മാർക്കും ആദരം ഒരുക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.

