Saturday, May 18, 2024
spot_img

ഇനി കാടാറുമാസം !മേഘമല വന്യജീവി സങ്കേതത്തിലേക്ക് മടങ്ങി അരിക്കൊമ്പൻ ; മിഷൻ അരിക്കൊമ്പൻ- 2 ഇന്നത്തേക്ക് അവസാനിപ്പിച്ചു

കമ്പം : തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. ആന മേഘമല വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കടന്നതോടെയാണ് ദൗത്യം മാറ്റിവച്ചത്. അതെ സമയം അരിക്കൊമ്പൻ തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനം മന്ത്രി എം. മതിവേന്ദൻ പ്രതികരിച്ചു . കാട് കയറിയ അരിക്കൊമ്പനെ വനംവകുപ്പ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ആനയിറങ്ങാൻ സാധ്യതയുള്ള മേഖലകളിൽ പൊലീസ് സാന്നിധ്യം തുടരുകയാണ്

ഇന്ന് അതിരാവിലെ ആനയെ മയക്ക് വെടി വയ്ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കമ്പത്തുനിന്ന് എട്ടു കിലോമീറ്റർ അകലെയായി സുരുളിപെട്ടിയിൽ ആയിരുന്നു ഇന്ന് പുലർച്ചെ അരിക്കൊമ്പൻ. പിന്നീട് സുരുളി വെള്ളച്ചാട്ടത്തിന് പരിസരത്തേക്കു പോവുകയും അവിടെ നിന്നും കുത്തനാച്ചി വനമേഖലയിലേക്കും കടന്നു.

കാടിനുള്ളിൽ ഏറെ സമയത്തെ നിരീക്ഷണത്തിനൊടുവിലാണ് കുത്തനാച്ചിയിൽ നിന്നും മേഘമല വന്യജീവി സങ്കേതത്തിനുള്ളിലേക്ക് അരിക്കൊമ്പൻ കടന്നതായി വനപാലകർ മനസ്സിലാക്കിയത്. തുടർന്ന് തിരികെ ജനവാസമേഖലയിൽ ഇറങ്ങുംവരെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

ഇന്നലെ മുതൽ വേണ്ടത്ര ഭക്ഷണവും വെള്ളവും കിട്ടാത്തതും കമ്പത്തെ കടുത്തചൂടും പരിഗണിച്ച് അരിക്കൊമ്പൻ ഉടനെ ജനവാസ മേഖലയിലേക്ക് മടങ്ങി വരാൻ ഇടയില്ലെന്നാണ് വനം വകുപ്പിന്റെ കരുതുന്നത്. തിരികെ എത്തിയാൽ മയക്കുവെടി വയ്ക്കാൻ 5 ഡോക്ടർമാർ അടങ്ങുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് തമിഴ്നാട് വനംമന്ത്രി പറഞ്ഞു. ദൗത്യം പൂർണമായും അവസാനിപ്പിച്ചിട്ടില്ലാത്തതിനാൽ കമ്പത്ത് 144 പിൻവലിച്ചിട്ടില്ല.

Related Articles

Latest Articles