Friday, March 29, 2024
spot_img

അരിക്കൊമ്പന്റെ ജീവൻ അപകടത്തിൽ, അരിക്കൊമ്പന്‍ വിഷയത്തില്‍ കണ്ടത് വനംവകുപ്പിന്റെ നിരുത്തരവാദപരമായ സമീപനം; ആരോപണങ്ങളുമായി ട്വന്റി-20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്

കൊച്ചി: ചിന്നക്കനാലിൽ നിന്ന് കാട് കടത്തപ്പെട്ട് ഇപ്പോൾ തമിഴ്‌നാട് ഉൾവനത്തിലുള്ള അരിക്കൊമ്പന്റെ ജീവന്‍ അപകടത്തിലാണെന്ന് ട്വന്റി-20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. ദിവസം മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ചിരുന്ന ആന ഇപ്പോള്‍ രണ്ടോ മൂന്നോ കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കുന്നതെന്ന് പറയുമ്പോള്‍ ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് വേണം മനസിലാക്കാനെന്ന് പറഞ്ഞ സാബു എം. ജേക്കബ്, വനംവകുപ്പിന്റെ നിരുത്തരവാദപരമായ സമീപനമാണ് അരിക്കൊമ്പന്‍ വിഷയത്തില്‍ കണ്ടതെന്നും ആരോപിച്ചു.

“നാല്‍പത് വര്‍ഷം കേരളത്തില്‍ ജീവിച്ചിരുന്ന ആനയാണ്. ആറ് മയക്കുവെടിവെച്ച് അരിക്കൊമ്പനെ ഇവിടെ നിന്ന് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഇവിടെ നിന്ന് കൊണ്ട് പോയതിന് ശേഷം മാദ്ധ്യമങ്ങള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തി. അവര്‍ ആനയെ ഇറക്കി വിടുന്നതിന്റെ ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ വനംവകുപ്പ് പുറത്ത് വിട്ടിട്ടില്ല. ആനയെ ഉള്‍ക്കാട്ടില്‍ തുറന്ന് വിട്ട് രണ്ടാം ദിവസമാണ് ആനയുടെ തുമ്പിക്കൈക്ക് പരിക്കേറ്റതായുള്ള വിവരം പുറത്ത് വരുന്നത്. എന്നാല്‍, ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് അരിക്കൊമ്പന്റെ മുറിവ് എത്രവലുതാണെന്ന് വ്യക്തമാകുന്നത്. മയക്കുവെടി വെച്ചതിന് ശേഷമോ പരിക്ക് പറ്റിയതിന് ശേഷമോ മതിയായ ചികിത്സയോ ആനയ്ക്ക്‌ നല്‍കിയിട്ടില്ല. കോടതി ഉത്തരവുണ്ടെന്ന് കാണിച്ച് അതിനെ എവിടെയെങ്കിലും കൊണ്ടുപോയി തള്ളുകയല്ല ചെയ്യേണ്ടിയിരുന്നത്. എവിടെയെങ്കിലും കൊണ്ട് പോയി തള്ളാനല്ല കോടതി പറഞ്ഞത്. അതിന് ജീവിക്കാനാവശ്യമായ വെള്ളവും ഭക്ഷണവുമെല്ലാം ഉണ്ടോ എന്നുള്ളതൊന്നും പരിശോധിക്കാതെയാണ് വനംവകുപ്പ് ആനയെ തുറന്ന് വിട്ടത്. ആന ക്ഷീണിതനാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. അരിക്കൊമ്പന്റെ മുറിവ് വലുതാണ്. ആന വെള്ളം കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം തുമ്പിക്കൈ കൊണ്ടാണ്. ആനയെ കണ്ട് തമിഴ്‌നാട്ടില്‍ ഒരാള്‍ മരിച്ചു. അതിന്റെ ഉത്തരവാദി വനംവകുപ്പാണ്. കേരളത്തിലെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ മാറ്റിയത്. ആനയോട് ഒരു ഉത്തരവാദിത്തവുമില്ലാതെ ഫോര്‍മാലിറ്റിക്ക് വേണ്ടിയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കുന്നത്. ആനക്കുണ്ടാകുന്ന മാറ്റങ്ങളോ ആവശ്യങ്ങളോ ഒന്നും മനസിലാക്കാതെ വെറുമൊരു പ്രഹസനമായിരുന്നു അത്” – സാബു എം. ജേക്കബ് പറഞ്ഞു.

Related Articles

Latest Articles