തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ഡെന്റൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആർമി ഡെന്റൽ കോർപ്സിന്റെ 85-ാം വാർഷികം ആഘോഷിച്ചു. 1941-ലെ കോർപ്സിന്റെ സ്ഥാപക ദിനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് എല്ലാ വർഷവും ഫെബ്രുവരി ഒന്നിന് ആഘോഷിക്കുന്നത്. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മിലിട്ടറി ഡെന്റൽ സെന്ററിലെ ഓഫീസർമാർക്കും മറ്റ് ജീവനക്കാർക്കും അദ്ദേഹം ആശംസകൾ നേർന്നു. എം.ഡി.സി കമാൻഡിംഗ് ഓഫീസർ ലഫ്റ്റനന്റ് കേണൽ വിജയ് ലാൽ, ഡെന്റൽ ഓഫീസർ ക്യാപ്റ്റൻ പ്രണവ് എസ്. നാഥ് എന്നിവരോടൊപ്പം നിലവിലുള്ളവരും വിരമിച്ചവരുമായ നിരവധി ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
അഗസ്ത്യകൂടത്തിന്റെ നെറുകയിൽ വിജയക്കൊടി പാറിച്ച് ആർമി ഡെന്റൽ കോർപ്സ് സൈനികർ ; പാങ്ങോട് മിലിട്ടറി ഡെന്റൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആർമി ഡെന്റൽ കോർപ്സിന്റെ 85-ാം വാർഷികം ആഘോഷിച്ചു pic.twitter.com/6EqCDPBlhY
— Tatwamayi News (@TatwamayiNews) February 2, 2026

ഈ വർഷത്തെ വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടി മിലിട്ടറി ഡെന്റൽ സെന്ററിലെ രണ്ട് ധീരരായ സൈനികർ ദക്ഷിണേന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അഗസ്ത്യകൂടം കൊടുമുടി കീഴടക്കി. സൈനികരുടെ നിശ്ചയദാർഢ്യത്തിന്റെയും സേവന സന്നദ്ധതയുടെയും പ്രതീകമായി മാറിയ ഈ സാഹസിക പ്രകടനം വാർഷികാഘോഷങ്ങൾക്ക് വലിയ ഊർജ്ജമാണ് പകർന്നത്. കേവലം ചികിത്സാ സേവനങ്ങളിൽ മാത്രമല്ല, ശാരീരികക്ഷമതയിലും ധീരതയിലും ആർമി ഡെന്റൽ കോർപ്സ് സൈനികർ പുലർത്തുന്ന മികവിന്റെ തെളിവായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.

