Sunday, January 11, 2026

ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം തുടരുന്നു; അത്യാധുനിക സംവിധാനങ്ങളുമായി സൈന്യം സ്ഥലത്തെത്തി; വിശാഖപ്പട്ടണത്ത് നിന്ന് നേവി സംഘം ഉടനെത്തും

ദിമ ഹസാവോ: അസമിൽ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിൽ സൈന്യവും നേവിയും ഒപ്പം ചേർന്നു. ദിമ ഹസാവോ ജില്ലയിലെ ഉംറാങ്‌സോയിലാണ് രക്ഷാദൗത്യം നടക്കുന്നത്. സൈന്യത്തിലെ സ്പെഷ്യലിസ്റ്റ് ടാസ്‌ക് ഫോഴ്‌സും, അത്യാധുനിക ഉപകരണങ്ങളുമായി എഞ്ചിനീയറിംഗ് വിഭാഗവും മെഡിക്കൽ വിഭാഗവും ആർമിയിലെയും അസം റൈഫിൾസിലെയും സപ്പോർട്ട് സ്റ്റാഫും അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. നേവിയും രക്ഷാ പ്രവർത്തനത്തിനായി ഉടൻ എത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. വിശാഖപ്പട്ടണത്ത് നിന്നാണ് നേവി സംഘം അസമിലേയ്ക്ക് എത്തുന്നത്. കനത്ത മഴയെ തുടർന്ന് ഖനിയിലെ ജലനിരപ്പ് ഉയർന്നതോടെ 9 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്.

ജില്ലാ കേന്ദ്രമായ ഹാഫ്‌ലോങ്ങിൽ നിന്ന് ആറ് മണിക്കൂർ യാത്രയുള്ള ഉൾപ്രദേശത്താണ് ഖനി സ്ഥിതി ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് ഖനിയിൽ ആളുകൾ കുടുങ്ങിയെന്ന വാർത്ത പുറത്തുവന്നത് എന്നാൽ പ്രദേശത്ത് പൊലീസ് സ്റ്റേഷൻ പോലും ഇല്ലാത്തതിനാൽ എവിടെയാണെന്നോ എന്താണ് വ്യക്തമായി സംഭവിച്ചതെന്നോ വിവരം ലഭിച്ചിരുന്നില്ല. രാവിലെ ഒമ്പതിന് ഖനിയിൽ കയറിയ തൊഴിലാളികൾക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായി മഴ പെയ്തിരുന്നു. മഴവെള്ളം ഖനിയിലേക്ക് ഊർന്നിറങ്ങി തൊഴിലാളികൾ ഖനിയിൽ കുടുങ്ങിയതാവാം എന്നാണ് നിഗമനം.

സർക്കാർ ഖനിയുടെ നടത്തിപ്പിന് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ അപകടമുണ്ടായപ്പോൾ കമ്പനിയിലെ ആളുകൾ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു എന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ വർഷം മേയിൽ സംസ്ഥാനത്ത് മൂന്ന് ഖനി തൊഴിലാളികൾ അനധികൃത ഖനിയിൽ മണ്ണിടിച്ചിലുണ്ടായി മരിച്ചിരുന്നു.

Related Articles

Latest Articles