Wednesday, November 4, 2026

ഐഎസ്ഐയുടെയും പാക് സൈന്യത്തിന്റെയും മേൽനോട്ടത്തിൽ എഴുപതോളം ലോഞ്ച് പാഡുകൾ !നുഴഞ്ഞു കയറാൻ തക്കം പാർത്ത് 800 ഭീകരർ !!! അതിർത്തിയിലും നിയന്ത്രണ രേഖയിലും കനത്ത ജാഗ്രത

ദില്ലി : ജമ്മു കശ്മീരിൽ വൻതോതിലുള്ള അശാന്തി സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് അതിർത്തിക്കപ്പുറം ഭീകരവാദ താവളങ്ങൾ പാകിസ്ഥാൻ വീണ്ടും സജീവമാക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും പാക് സൈന്യത്തിന്റെയും നേരിട്ടുള്ള മേൽനോട്ടത്തിൽ നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലുമായി എഴുപതോളം ലോഞ്ച് പാഡുകൾ സജ്ജമാക്കിയതായാണ് വിവരം. ഇന്ത്യയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള ശ്രദ്ധയാകർഷിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിച്ച് എണ്ണൂറോളം ഭീകരരെ ഇന്ത്യയിലേക്ക് കടത്തിവിടാനാണ് പാകിസ്ഥാൻ പദ്ധതിയിടുന്നത്.

ഇറാൻ-ഇസ്രായേൽ സംഘർഷം ആഗോളതലത്തിൽ വലിയ ചർച്ചയാകുമ്പോൾ, ലോകരാജ്യങ്ങളുടെ ശ്രദ്ധ അതിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നത് മുതലെടുക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പാക് അധീന കശ്മീരിലെ വിവിധ കേന്ദ്രങ്ങളിൽ ഭീകരർ നുഴഞ്ഞുകയറ്റത്തിനായി കാത്തുനിൽക്കുകയാണ്. നിയന്ത്രണരേഖയിൽ അറുപതോളം ലോഞ്ച് പാഡുകളും അന്താരാഷ്ട്ര അതിർത്തിയിൽ പത്തോളം ലോഞ്ച് പാഡുകളുമാണ് വീണ്ടും പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. നേരത്തെ നടത്തിയ പല നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതോടെ, പാകിസ്ഥൻ തന്ത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒരേസമയം വിവിധ പോയിന്റുകളിലൂടെ ഭീകരരെ കടത്തിവിട്ട് ഇന്ത്യൻ സുരക്ഷാ സേനയുടെ ശ്രദ്ധ തിരിക്കാനാണ് ഇത്തവണത്തെ പദ്ധതിയെന്ന് ഇന്റലിജൻസ് ബ്യൂറോ വ്യക്തമാക്കുന്നു.

പത്തുമുതൽ പതിനഞ്ചുപേർ വരെയുള്ള ചെറുകൂട്ടങ്ങളായി ഭീകരരെ ഒരേസമയം അതിർത്തി കടത്തിവിടാനാണ് പാക് സൈന്യം ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്ന് ഭീകരർ കടന്നുവരുമ്പോൾ ഏതെങ്കിലും ഒരു സംഘമെങ്കിലും ലക്ഷ്യം കാണുമെന്നാണ് പാകിസ്ഥാൻ കണക്കുകൂട്ടുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഭീകരവാദ ശൃംഖലകൾക്ക് വലിയ ആഘാതമേൽപ്പിച്ചിരുന്നു. ഇതിനുശേഷം കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ മന്ദഗതിയിലായതിൽ ലഷ്കർ-ഇ-തൊയ്ബ പോലുള്ള സംഘടനകളിൽ നിന്ന് ഐ.എസ്.ഐയ്ക്ക് വലിയ സമ്മർദ്ദമുണ്ട്. തദ്ദേശീയരായ ഭീകരരുടെ ശൃംഖലകൾ ദുർബലമായ സാഹചര്യത്തിൽ, അതിർത്തിക്കപ്പുറം കൃത്യമായ പരിശീലനം ലഭിച്ച ഭീകരരെ കശ്മീരിലെത്തിച്ച് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനാണ് പാകിസ്ഥാന്റെ പുതിയ നീക്കം. നിലവിലെ സാഹചര്യം പരിഗണിച്ച് അതിർത്തിയിൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രത തുടരുകയാണ്.

Related Articles

Latest Articles