Saturday, January 10, 2026

സംസ്ഥാനത്തെ റോഡുകൾ തട്ടിക്കൂട്ട് ഏര്‍പ്പാട്; പലയിടത്തും വേണ്ടത്ര ടാറില്ല; പണി പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ റോഡുകളിലെല്ലാം കുഴികള്‍, ഓപ്പറേഷന്‍ സരള്‍ രാസ്ത 3യിൽ പുറത്ത് വന്നത് വൻ അഴിമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന്‍ സരള്‍ രാസ്ത 3 എന്ന പേരില്‍ കഴിഞ്ഞ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ അഴിമതി. മിക്ക റോഡുപണികളും തട്ടിക്കൂട്ട് ഏര്‍പ്പാടാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 148 റോഡുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വ്യക്തമായത്. വിജിലന്‍സ് വിദഗ്ധ സംഘം പരിശോധിച്ച 148 റോഡുകളില്‍ 67 എണ്ണത്തിലും നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കകം കുഴികള്‍ ഉണ്ടായതായും 19 റോഡുകളില്‍ വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി.

തദ്ദേശ സ്ഥാപനങ്ങളുടെ 115 റോഡുകളും പൊതുമരാമത്ത് വകുപ്പിന്റെ 24 റോഡുകളും കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ ഒമ്പതു റോഡുകളുമാണ് വിജിലൻസ് പരിശോധിച്ചത്. തിരുവനന്തപുരം (40), കൊല്ലം (27), കണ്ണൂര്‍ (23), കോട്ടയം, എറണാകുളം, കാസര്‍കോട്, പത്തനംതിട്ട, കോഴിക്കോട് (അഞ്ചു വീതം), പാലക്കാട്, ഇടുക്കി, വയനാട് (നാലു വീതം), ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം (മൂന്നു വീതം), റോഡുകളാണ് പരിശോധിച്ചത്.

തിരുവനന്തപുരം, കൊല്ലം, വയനാട് ജില്ലകളിലെ മൂന്നു വീതവും കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ രണ്ടു വീതവും പത്തനംതിട്ട, എറണാകുളം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ റോഡുകളുമാണ് മതിയായ അളവില്‍ ടാറില്ലാതെ നിര്‍മിച്ചത്. വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ഇന്റലിജന്‍സ് വിഭാഗം എസ്പി ഇ.എസ്. ബിജുമോന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റും പങ്കെടുത്തു.

Related Articles

Latest Articles