കാസർകോട്: തീവ്രവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയിൽ. ബംഗ്ലാദേശി പൗരനായ ഷാബ് ഷെയ്ക്ക് (32) ആണ് കാഞ്ഞങ്ങാട് പടന്നക്കാട് നിന്ന് പിടിയിലായത്. പടന്നക്കാട്ടെ ക്വട്ടേഴ്സിലായിരുന്നു പ്രതി താമസിച്ചിരുന്നത്. ഒരു മാസം മുൻപാണ് ഷാബ് ഇവിടെയെത്തിയത്.
ആസാമിൽ യു എ പി എ കേസിൽ കുടുങ്ങിയതോടെ കേരളത്തിലേക്ക് കടക്കുകയായിരുന്നു ഷാബ് ഷെയ്ഖ്. പ്രതിയെ കുറിച്ചറിഞ്ഞ ആസം പോലീസ് ഇവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവിടെ കെട്ടിട നിർമ്മാണ ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ താമസിച്ച ശേഷമാണ് ഇയാൾ അടുത്തിടെ കാഞ്ഞങ്ങാട് എത്തിയത് .ആസം പൊലീസ് പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് ഷാബ് ഷെയ്ക്കിനെ അറസ്റ്റ് ചെയ്തത്. ഈ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാൾ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് കടന്നത്. തൻ്റെ അമ്മ ബംഗ്ലാദേശ് സ്വദേശിനി ആണെന്നും അച്ഛൻ ഇന്ത്യക്കാരൻ ആണെന്നും ഷാബ് ഷെയ്ഖ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതുകൊണ്ടാണ് ഇന്ത്യയിൽ എത്തിയത്. ഒരു സഹോദരിയെ ഇന്ത്യയിലേക്കാണ് കല്യാണം കഴിച്ചതെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇൻ്റലിജൻസ് അന്വേഷണത്തിൽ ഇയാളുടെ കുടുംബം മുഴുവൻ ബംഗ്ലാദേശിൽ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിദ്യാഭ്യാസം നന്നേ കുറവുള്ള ആളാണ് ഷാബ് ഷെയ്ഖ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടു. ഇതാണ് അന്വേഷണ സംഘത്തിന് പിടിവള്ളിയായത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്. കേരളത്തിൽ നിന്ന് എന്തെങ്കിലും തരത്തിൽ സഹായം കിട്ടിയോ എന്നും അന്വേഷിക്കുന്നുണ്ട്.

