Friday, January 9, 2026

അഭിമുഖത്തിൽ പിതാവിനെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചു ! സല്‍പ്പേരിനു കളങ്കമുണ്ടാക്കി ! നടൻ അലന്‍സിയര്‍ക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനത്തിനിടെ പുരസ്‌കാരമായി നൽകുന്ന പ്രതിമയെ കുറിച്ച് നടത്തിയ പരാമർശത്തിലും അതിന്മേലുണ്ടായ വിവാദത്തിലും പ്രതികരിച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയര്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.

അലന്‍സിയര്‍ ശില്‍പത്തെ അധിക്ഷേപിച്ചെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ ദേവന്‍ പറഞ്ഞു.അല്ലാത്ത പക്ഷം അലന്‍സിയര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ഇക്കാര്യം ആവശ്യപ്പെട്ട് ദേവന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.

പുരസ്‌കാരം സ്വീകരിച്ച ശേഷം നല്‍കിയ അഭിമുഖത്തിലും അലന്‍സിയര്‍ പ്രതിമയ്‌ക്കെതിരെ പരാമര്‍ശം നടത്തുകയും പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്തു കൊണ്ട് നമ്പൂതിരി ശില്‍പം മാത്രം വില്‍ക്കുന്നു എന്നാണ് അവാര്‍ഡ് വേദിയില്‍ താന്‍ ചോദിച്ചതെന്നും പറയാനുള്ള വേദിയായതിനാലാണ് താന്‍ വിമര്‍ശനം ഉന്നയിച്ചതെന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്. അതേസമയം പുരസ്‌കാരത്തിനൊപ്പമുള്ള ശില്‍പം ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്തതല്ല എന്നതാണ് വസ്തുത .

എന്നാല്‍ അഭിമുഖത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്നും മകന്‍ പറഞ്ഞു. ഇത് തന്റെ പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. സ്ത്രീരൂപത്തിലുള്ള പ്രതിമ പ്രലോഭിപ്പിക്കുന്നതാണെന്നും സമ്മാനത്തുക കൂട്ടണം എന്നുമായിരുന്നു അലന്‍സിയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം വേദിയിലിരിക്കെ അഭിപ്രായപ്പെട്ടത്.

ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് താന്‍ അഭിനയം നിര്‍ത്തും എന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായി മാറിയിരുന്നു. സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ അലന്‍സിയര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയും ആവശ്യപ്പെട്ടിരുന്നു. ആര്‍ ബിന്ദുവും രൂക്ഷമായ ഭാഷയിലാണ് അലന്‍സിയറുടെ പ്രസ്താവനയില്‍ പ്രതികരിച്ചത്. മനസിലടിഞ്ഞ പുരുഷാധിപത്യത്തിന്റെ ബഹിര്‍സ്ഫുരണം ആണ് അലന്‍സിയറിന്റെ പരാമര്‍ശം എന്നായിരുന്നു ബിന്ദു പറഞ്ഞത്.

അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അഭിമുഖത്തിനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയും അലന്‍സിയറിനെതിരെ ഉയര്‍ന്നിരുന്നു. ഈ പരാതിയില്‍ അലന്‍സിയറിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles