അരുവിപ്പുറം ക്ഷേത്രത്തിന്റെ 134 ആമത് പ്രതിഷ്ഠാ വാർഷികത്തിനും ശിവരാത്രി മഹോത്സവത്തിനും തുടക്കമായി. ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ തൃക്കൊടിയേറ്റ് നടത്തി. ഉത്സവത്തോടനുബന്ധിച്ച് അഖണ്ഡശാന്തി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ആയിരം കുടം അഭിഷേകം, ഗുരുദേവ കൃതികളുടെ പഠന ശിബിരം, എന്നിവ സംഘടിപ്പിച്ചിരിക്കുന്നു. പ്രതിഷ്ഠാ വാർഷിക ഉദ്ഘാടന സമ്മേളനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. അരുവിപ്പുറം മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ സ്വാഗതം ആശംസിച്ചു. ഉത്സവം മാർച്ച് രണ്ടിന് ആറാട്ടോടെ സമാപിക്കും.
മാർച്ച് ഒന്നിന് വൈകുന്നേരം നടക്കുന്ന ശിവരാത്രി സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മ സംഘം ജനറൽ സെക്രട്ടറി ശ്രീമദ് ഋതംബരാനന്ദ സ്വാമികൾ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള പ്രമുഖരും മറ്റ് ജന പ്രതിനിധികളും പങ്കെടുക്കും.


