Saturday, September 23, 2023
spot_img

വയനാട്ടിൽ വീണ്ടും തീപിടിത്തം; ബാണാസുര മലയിൽ കാട്ടുതീ പടരുന്നു, തീ നിയന്ത്രണവിധേയമെന്ന് വനം വകുപ്പ്

വയനാട്: ജില്ലയിൽ വീണ്ടും തീപിടിത്തം. ഇന്നലെ ബന്ദിപ്പൂർ ഹൈവേയിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ ബാണാസുര മലയിലും കാട്ടുതീ പടരുകയാണ്. സൗത്ത് വയനാട് ഡിവിഷനിലെ കാപ്പിക്കളം, കുറ്റിയാം മല എന്നിവിടങ്ങളിലാണ് തീ പടരുന്നത്.

തീ നിയന്ത്രണവിധേയമാണെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. മൂന്ന് ദിവസം മുൻപാണ് ഇവിടെ കാട്ടുതീ കണ്ടത്. എന്നാൽ മലയ്ക്ക് മുകളിൽ മാത്രമേ തീ ഉണ്ടാകൂ എന്ന് കരുതി നാട്ടുകാർ ഇതിനെ അവഗണിച്ചു. എന്നാൽ പിന്നീട് കാട്ടുതീ വലിയ രീതിയിൽ പടരുകയായിരുന്നു. അന്ന് വനംവകുപ്പ് വന്ന് തീ കെടുത്തുകയും ചെയ്തിരുന്നു.

പിന്നീട് ചില ഭാഗത്ത് തീ കെട്ടിരുന്നില്ല. അങ്ങനെ തീ പടർന്നതാകാമെന്ന നിഗമനത്തിലാണ് അധികൃതർ. മലയ്ക്ക് താഴെ ജനവാസകേന്ദ്രങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഏതെങ്കിലും സാഹചര്യങ്ങളിൽ തീ പടർന്നാൽ അവിടെയുള്ളവരെ ഒഴിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇന്നലെ വയനാട് വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ മുതുമല വനമേഖലയിൽ കാട്ടുതീ പടർന്നിരുന്നു. ഉച്ചയോടെ ബന്ദിപ്പൂർ വനത്തിലെ ഗോപാൽസാമി പേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേൽക്കമ്മനഹള്ളിയിലേക്കും തീ പടർന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് കർണാടക വനംവകുപ്പ് തീ നിയന്ത്രണവിധേയമാക്കിയത്.

കാട്ടുതീയെ തുടര്‍ന്ന് മൈസൂർ – ഊട്ടി ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. തമിഴ്നാട് വനം വകുപ്പിന് കീഴിലുള്ള മുതുമലയിൽ ശക്തമായ കാറ്റ് തീ അണക്കാനുള്ള ശ്രമങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കി. ഇരു സംസ്ഥാനത്തും ഹെക്ടർ കണക്കിന് വനം നശിച്ചു എന്നാണ് കരുതുന്നത് ഇതോടെ വയനാട് വന്യജീവി സങ്കേതവും ജാഗ്രതയിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനപാലകർ നൽകുന്ന വിവരം.

Related Articles

Latest Articles